ചാൻസലർ പദവി: ഗവർണറെ നീക്കുന്ന ബിൽ സഭയിൽ; നിലനിൽക്കില്ലെന്ന് പ്രതിപക്ഷം

news image
Dec 7, 2022, 9:22 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ആറു സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള സർവകലാശാല നിയമഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. ബില്ലിനെ പ്രതിപക്ഷം എതിർത്തു. ചാന്‍സലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും പകരം കൊണ്ടുവരുന്ന സംവിധാനത്തിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

 

തയാറെടുപ്പുകളില്ലാതെയാണ് ബിൽ കൊണ്ടുവന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ആലോചനയില്ലാതെ തട്ടിക്കൂട്ടിയ ബില്ലാണിത്. ചാൻസലറുടെ ഒഴിവ് ഉണ്ടായാൽ താൽക്കാലികമായി പ്രോ വൈസ് ചാൻസലർക്ക് അധികാരം നൽകാമെന്നാണ് ബില്ലിൽ പറയുന്നത്. ചാൻസലറുടെ കാലാവധിയിൽ മാത്രമേ പ്രോ വൈസ് ചാൻസലർക്ക് അധികാരത്തിൽ ഇരിക്കാൻ കഴിയൂ എന്നാണ് യുജിസി നിയമം. ചാന്‍സലർ ഇല്ലാതായാൽ പ്രോവൈസ് ചാൻസലറും ഇല്ലാതാകും. യുജിസിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി സംസ്ഥാന നിയമം ഉണ്ടെങ്കിൽ യുജിസി നിയമമാണ് നടപ്പിലാക്കേണ്ടതെന്നു സുപ്രീം കോടതി ഉത്തരവുണ്ട്. കേന്ദ്ര നിയമത്തിനു വിരുദ്ധമായി സംസ്ഥാന നിയമം നിൽക്കില്ല. അതാണ് സുപ്രീംകോടതി വിധിയെ തുടർന്ന് വിസിമാർക്ക് പുറത്തു പോകേണ്ടിവന്നത്. പുതുതായി നിയമിക്കപ്പെടുന്ന ചാൻസലറുടെ കാര്യാലയം സർവകലാശാല ആസ്ഥാനമായിരിക്കുമെന്നാണ് ബില്ലിൽ പറയുന്നത്.

ചാൻസലറുടെ ഓഫിസ് ചെലവുകൾ സർവകലാശാലയുടെ ഫണ്ടിൽനിന്ന് ചെലവാക്കേണ്ടിവരും. ഫിനാഷ്യൽ മെമ്മോറാണ്ടത്തിൽ അത് ഉൾപ്പെടുത്തിയിട്ടില്ല. മെമ്മോറാണ്ടം അപൂർണമായതിനാൽ ഈ ബിൽ അവതരിപ്പിക്കാൻ കഴിയില്ലെന്നു വി.ഡി.സതീശൻ പറഞ്ഞു. ചാൻസലറുടെ നിയമന അധികാരി മന്ത്രിസഭയാണ്. ചാൻസലറെ നിയമിക്കുന്ന സർക്കാരിലെ മന്ത്രി പ്രോ ചാൻസലർ ആയി വരുമ്പോൾ ചാൻസലർക്ക് താഴെ ആകും. ബിൽ പ്രകാരം ഉന്നതവിദ്യാഭ്യാസ മന്ത്രി ചാൻസലറുടെ കീഴിലാണ് വരുന്നത്. ചാൻസലർ നിയമനത്തിന് തിരഞ്ഞെടുപ്പ് പ്രക്രിയ ബില്ലിൽ പറഞ്ഞിട്ടില്ല. സർക്കാരിന് ആരെ വേണമെങ്കിലും വയ്ക്കാം. കോളജിൽപോകാത്ത ആളെയും വയ്ക്കാം. ചാന്‍സലറുടെ വിദ്യാഭ്യാസ യോഗ്യത പറയുന്നില്ല. മന്ത്രിമാരുടെ തലപ്പത്തുവരുന്ന ആളുടെ മിനിമം യോഗ്യതയെങ്കിലും ബില്ലിൽ നിശ്ചയിക്കണം. ഗവർണറെ ചാൻസലർ പദവിയിൽ നിന്നും മാറ്റുന്നതിനെ അനുകൂലിക്കുന്നതായി വി.ഡി.സതീശൻ പറഞ്ഞു. മന്ത്രിസഭയുടെ ശുപാർശ അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. അദ്ദേഹത്തിന് വിവേചന അധികാരമില്ല. നിയമസഭ കൊടുത്ത അധികാരം പിൻവലിക്കാനുള്ള അധികാരം നിയമസഭയ്ക്കുണ്ട്. എന്നാൽ പകരം സംവിധാനം എന്ത് എന്നതാണ് പ്രസക്തം. സർവകലാശാലകളെ കമ്മ്യൂണിസ്റ്റുവൽക്കരിക്കാനാണ് ശ്രമം.

ചാൻസലറായി വിദ്യാഭ്യാസം, കൃഷി, വൈദ്യം, സാമൂഹികരംഗം, ചരിത്രം, പൊതുഭരണം, നിയമം, കല എന്നിവയിൽ വിദഗ്ധരായ ആരെയും നിയമിക്കാമെന്നാണ് ബില്ലിൽ പറയുന്നത്. ഇതനുസരിച്ച് ഫിഷറീസ് സർവകലാശാലയിൽ കലാകാരനെ നിയമിക്കാം. തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയിൽ ശാസ്ത്രജ്ഞനെ വയ്ക്കാം. ഓരോ സർവകലാശാലയിലും നിയമിക്കേണ്ട ചാൻസലറുടെ യോഗ്യതകൾ പ്രത്യേകം പറയുന്നില്ല. ശ്രദ്ധയില്ലാതെ തയാറാക്കിയ ബില്ലാണെന്നതിന് തെളിവാണിതെന്നും വി.ഡി.സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe