കോവിഡ് കാലത്തെ ക്രമക്കേട്: പരിശോധന അന്തിമഘട്ടത്തിലെന്ന് കെ.എൻ ബാലഗോപാൽ

news image
Dec 7, 2022, 1:16 pm GMT+0000 payyolionline.in

തിരുവനന്തപുരം: കോവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപറേഷൻ വിപണി വിലയേക്കാൾ കൂടിയ വിലക്ക് പി.പി.ഇ കിറ്റുകളും സ്കാനർ, ഗ്ലൗസ്, മാസ്ക്, മരുന്നുകൾ തുടങ്ങിയവ വാങ്ങിയതിലെ ക്രമക്കേടുകളിൽ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. പരിശോധനാ സംഘം ആവശ്യപ്പെടുന്ന മുറക്ക് ഫയലുകൾ നൽകിയിട്ടുണ്ട്. 2022 ജനുവരി 11നാണ് അന്വേഷണം തുടങ്ങിയത്.

കോർപറേഷനിൽനിന്ന് 2020 ജനുവരി മുതൽ 2021 നവംമ്പർ വരെയുള്ള കാലയളവിൽ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ഫയലുകളുടെയും അനുബന്ധ രേഖകളുടെയും ബാഹുല്യം നിമിത്തമാണ് അന്വേഷണം നീണ്ടുപോയത്. പരിശോധന വേളയിൽ ധനകാര്യ പരിശോധന വിഭാഗം നൽകുന്ന അന്വേഷണക്കുറിപ്പുകൾക്ക് ലഭിക്കുന്ന മറുപടികൾ പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമുള്ള പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണവും അഭിപ്രായവും മറുപടികളും പരിശോധിച്ചേ അന്തിമ നിഗമനത്തിൽ എത്താൻ കഴിയു.

നിലവിൽ കെ.എം.എസ്.സി.എൽ-ലെ പരിശോധനയുടെ ഭാഗമായി നൽകിയിട്ടുള്ള അന്വേഷണക്കുറിപ്പുകൾക്കു ലഭിച്ച മറുപടികളും തുടർന്ന് നൽകിയ തുടർ അന്വേഷണ കുറിപ്പുകൾക്ക് ലഭ്യമായ മറുപടികളുടെ വിശകലനവും നടക്കുകയാണ്. പരിശോധന സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റോജി എം.ജോൺ, അൻവർ സാദത്ത്, പി.സി വിഷ്ണുനാഥ്, ഡോ.മാത്യു കുഴൽ നാടൻ തുടങ്ങിയവർക്ക് മറുപടി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe