കോഴിക്കോട് രോഗിയെയും കൊണ്ടുപോയ ആംബുലൻസ് പൊലീസ് ബാരിക്കേഡ് മൂലം വഴി തിരിഞ്ഞുപോയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

news image
Aug 1, 2023, 3:15 pm GMT+0000 payyolionline.in

കോഴിക്കോട്: അത്യാസന്ന നിലയിലായ രോഗിയെയും കൊണ്ട് അശുപത്രിയിലേക്ക് പോയ ആംബുലൻസ് വഴിതിരിച്ച് വിട്ട സംഭവത്തിൽ കേസെടുത്ത് മനുഷ്യവകാശ കമ്മീഷൻ. രോഗിയുമായി പാഞ്ഞ ആംബുലൻസ് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചത് മൂലം വഴിതിരിഞ്ഞ് പോകേണ്ടി വന്നതായിരുന്നു സംഭവം.  15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കോഴിക്കോട്  കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ കെ ബൈജുനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിന് കുറുകെ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു ആംബുലൻസ് കുടുങ്ങി കിടന്നത്. ബാരിക്കേഡ് അഴിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്ന് ആംബുലൻസ് മറ്റൊരു വഴിയിലൂടെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. യൂത്ത് കോൺഗ്രസ് മാർച്ച് തടയാനായിരുന്നു പൊലീസ് ബാരിക്കേഡ് കെട്ടിവച്ച് റോഡ് ഗതാഗതം തടഞ്ഞത്.

ആദ്യം തന്നെ ബാരിക്കേഡ് മാറ്റാൻ ഡ്രൈവർ പൊലീസുകാരോട് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തുണ്ടായിരുന്നവരും ഇക്കാര്യം പൊലീസിനോട് പറയുന്നുണ്ട്. ഒടുവിൽ ബാരിക്കേഡ് തുറക്കാനായി കയർ അഴിച്ചുമാറ്റാൻ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ, ആംബുലൻസ് മടങ്ങിപ്പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സൂചനാ ബോർഡ് വച്ചിരുന്നുവെന്നും ഇത് ശ്രദ്ധിക്കാതെയാണ് ആംബുലൻസ് ഡ്രൈവർ വന്നതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ആംബുലൻസിനെ കടത്തിവിടാൻ കയർ അഴിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പൊലീസ് പറയുന്നു. പീന്നിട്  കിലോമീറ്ററുകളോളം മാറി സഞ്ചരിച്ച്, ഒളവണ്ണ – കൊളത്തറ വഴിയാണ് ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയിലേക്ക് പത്ത് മിനിറ്റിൽ എത്താവുന്ന ദൂരത്തിൽ നിന്നാണ് അധിക സമയം എടുത്ത് യാത്ര ചെയ്യേണ്ടി വന്നത്. ശുചിമുറിയിൽ കാൽ തെന്നി വീണ 90 -കാരിയായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe