കോഴിക്കോട് കോതി സമരം; സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ

news image
Nov 25, 2022, 11:34 am GMT+0000 payyolionline.in

കോഴിക്കോട്: കോതിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരെയുള്ള സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തില്‍ കേസെടുക്കാൻ ചെമ്മങ്ങാട് പൊലീസിനോട് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം ജുവനൈൽ ആക്ട് പ്രകാരം സമരസമിതി പ്രവർത്തകർക്ക് എതിരെ ചെമ്മങ്ങാട് പൊലീസ് കേസെടുത്തു.

അതേസമയം, സമരസമിതി പ്രഖ്യാപിച്ച പ്രാദേശിക ഹര്‍ത്താലിനെ തുടര്‍ന്ന് മാലിന്യ സംസ്കരണ പ്ലാന്റിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുയാണ്. കോർപറേഷനിലെ 57, 58, 59 ഡിവിഷനുകളിൽ ഉൾപ്പെടുന്ന തെക്കേപ്പുറം ഭാഗത്താണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലാണ് ഹർത്താൽ നടക്കുന്നത്.

പദ്ധതി പ്രദേശത്ത് ചുറ്റുമതിൽ നിർമ്മിക്കാനുള്ള കോർപ്പറേഷന്‍ നീക്കത്തിനെതിരെ തുടർച്ചയായ രണ്ടാം ദിനവും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. വ്യാഴാഴ്ച 42 പേരെ പൊലീസ് അറസ്റ്റ് ചെ്യത് നീക്കിയിരുന്നു. മുദ്രാവാക്യം വിളികളോടെ റോഡിൽ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ സ്ഥലത്ത് നിന്നും മാറ്റാൻ ശ്രമിച്ചതോടെ സ്ഥിതി സംഘർഷാവസ്ഥയിലേക്ക് എത്തിയിരുന്നു.

സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയിരുന്നു. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാൻ കുട്ടി ശ്രമിച്ചതോടെയാണ് പൊലീസ് കുട്ടിയെയും സ്ഥലത്ത് നിന്നും ബലപ്രയോഗത്തിലൂടെ എടുത്തു മാറ്റിയത്. കുട്ടിക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയതിനെതിരെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. അതേസമയം, യാതൊരുകാരണവശാലും പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നാണ് കോർപ്പറേഷന്‍റെ നിലപാട്.

സമരത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് മേയർ ബീന ഫിലിപ്പ് പ്രതികരിച്ചത്. സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് തള്ളിവിടുന്നുവെന്ന് ആരോപിച്ച മേയർ, പൊലീസ് നടപടിയെ ന്യായീകരിച്ചു. വീട്ടിലിരുന്ന സ്ത്രീകളെ അല്ല, സമരത്തിന് വന്നവരെയാണ് പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയത്. എല്ലായിടത്തും ഉള്ള പദ്ധതിയാണിതെന്നും മേയര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe