കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ 33 കാരനെ അമ്മയുടെ സഹോദരൻ കുത്തിക്കൊന്നു. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള എറണാകുളം സ്വദേശി ലിജോ ജോസഫാണ് കൊല്ലപ്പെട്ടത്. പ്രതി ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ജോസിന്‍റെ വീട്ടിലാണ് ലിജോ താമസിച്ചിരുന്നത്. ഉച്ചയോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ലിജോയെ ജോസ് കത്തികൊണ്ട് കുത്തുകയായിരുന്നു. സംഘർഷത്തിനിടെ ജോസിന്‍റെ മകൻ സെബാസ്റ്റ്യനും പരിക്കേറ്റു. ലിജോയെ കൊന്നശേഷം കത്തിയുമായി നടന്നുപോയ ജോസിനെ ഈരാറ്റുപേട്ട പൊലീസ് പിടികൂടുകയായിരുന്നു.
സഹോരനെ കൊന്ന കേസിൽ ഉൾപ്പെടെ പ്രതിയാണ് ജോസ്. മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ലിജോയും.