കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് 24ന് കൊടിയേറും

news image
Mar 21, 2023, 3:15 pm GMT+0000 payyolionline.in
കൊയിലാണ്ടി:  പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് മാര്‍ച്ച് 24കൊടിയേറും. രാവിലെ 6.30ന് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങ് കഴിഞ്ഞാല്‍ ഉത്സവത്തിന് കൊടിയേറും. തുടര്‍ന്ന് കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍  നിന്നും ആദ്യ വരവ് പിഷാരികാവില്‍ എത്തും. ശേഷം കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള വരവുകളും എത്തും. വൈകീട്ട് കാഴ്ചശീവേലിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ നേതൃത്വം നല്‍കും. രാത്രി ഏഴിന് കൊല്ലം യേശു നയിക്കുന്ന ഗാനമേള.
25ന് രാവിലെ നടക്കുന്ന കാഴ്ച ശീവേലിയ്ക്ക് കലാനിലയം ഉദയന്‍ നമ്പൂതിരിയും വൈകീട്ട് പോരൂര്‍ ഹരിദാസ് മാരാരും നേതൃത്വം നല്‍കും. രാത്രി എട്ടിന് ഷഗിലേഷ് കോവൂര്‍, സച്ചിന്‍രാഥ് കലാലയം, ജഗന്നാഥന്‍ എന്നിവരുെട തൃത്തായമ്പക, മെഗാഷോ. 26ന് രാവിലെയുളള കാഴ്ച ശീവേലിയ്ക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കരന്‍ മാരാരും, വൈകീ്ട്ട് മണ്ണാര്‍ക്കാട് ഹരിയും നേതൃത്വം നല്‍കും. രാത്രി കലാമണ്ഡലം സനൂപിന്റെ തായമ്പക, പിഷാരികാവ് കലാക്ഷേത്രം, കൊരയങ്ങാട് കലാക്ഷേത്രം എന്നിവര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. 27ന് പനമണ്ണ ശശിയും സദനം രാജേഷ് തിരുവളളൂരും കാഴ്ച ശീവേലിയുടെ മേള പ്രമാണിമാരാകും. രാത്രി എട്ടിന് റിജില്‍ കാഞ്ഞിലശ്ശേരി, സരുണ്‍ മാധവ് എന്നിവരുടെ ഇരട്ട തായമ്പക. നാടകം-ഇവന്‍ രാധേയന്‍.  28ന് കാഴ്ച ശീവേലിയ്ക്ക് തൃപ്പങ്ങോട് പരമേശ്വരന്‍ മാരാര്‍,ചിറക്കല്‍ നിധിഷ് എന്നിവര്‍ മേള പ്രമാണിമാരാകും. രാത്രി കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക, ശ്രീനന്ദ് വിനോദ് നയിക്കുന്ന ഗാനമേള. 29ന് ചെറിയ വിളക്ക് ദിവസം രാവിലെ ചെറുതാഴം ചന്ദ്രന്‍ മാരാരുടെ നേതൃത്വത്തില്‍ കാഴ്ച ശീവേലി. കോമത്ത് പോക്ക്, ഓട്ടന്‍ തുളളല്‍, വൈകീട്ട് പാണ്ടിമേള സമേതമുളള കാഴ്ച ശീവേലി. രാത്രി എട്ടിന് ഗോപീകൃഷ്ണ മാരാര്‍, കലാമണ്ഡലം അരുണ്‍ കൃഷ്ണ കുമാര്‍ എന്നിവരുടെ തായമ്പക, ഗാനമേള.
30ന് വലിയ വിളക്ക് ദിവസം രാവിലെ കാഴ്ച ശീവേലിയ്ക്ക് മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ നയിക്കുന്ന മേളം, മന്ദമംഗലത്ത് നിന്നുളള ഇളനീര്‍ക്കുല വരവ്, വസൂരിമാല വരവ്, വൈകീട്ട് വിവിധ ദേശങ്ങളില്‍ നിന്നുളള ആഘോഷവരവുകതള്‍ ക്ഷേത്രത്തിവലെത്തും. രാത്രി 7.30ന് ചിലപ്പതികാരം വില്‍കലാമേള. രാത്രി 11 മണിക്ക് പുറത്തെഴുന്നളളിപ്പ്. മേളത്തിന് കലാമണ്ഡലം ബലരാമന്‍, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ എന്നിവര്‍ നേതൃത്വം വഹിക്കും. 31ന് കാളിയാട്ടം. വൈകീട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് പുറത്തെഴുന്നളളിപ്പ് . രാത്രി 12.10ന് ശേഷം വാളകം കൂടല്‍ എന്നീ ചടങ്ങുകൾ നടക്കും. പത്രസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാനും, ട്രസ്റ്റി ബോർഡ് ചെയർമാനുമായ വാഴയിൽ ബാലൻ നായർ ,ഇ.എസ്, രാജൻ, അഡ്വ.ടി.കെ.രാധാകൃഷ്ണൻ ,ഇളയിടത്ത് വേണുഗോപാൽ ,ശശി നായർ തുടങ്ങിയവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe