കൊച്ചി മെട്രോ തൂണിന് പുറത്തെ വിള്ളലിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ

news image
Jan 10, 2023, 2:03 am GMT+0000 payyolionline.in

കൊച്ചി : ആലുവയിൽ കൊച്ചി മെട്രോ തൂണിന്‍റെ പുറത്തുള്ള വിള്ളലിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ. മെട്രോ തൂണിന് ബലക്ഷയമില്ലെന്നും അറ്റകുറ്റപ്പണികളുടെ ആവശ്യമില്ലെന്ന് പരിശോധനയിൽ വ്യക്തമായെന്നും മെട്രോ കമ്പനി അറിയിച്ചു. ഇടപ്പള്ളി പത്തടിപ്പാലത്തെ തൂണിനുണ്ടായ തകരാർ ഒരാഴ്ചയ്ക്കകം പൂർണ്ണമായി പരിഹരിക്കാനുള്ള നടപടികളും പൂർത്തിയായി. ആലുവ ബൈപ്പാസിൽ പില്ലർ നമ്പർ 44 ലിലാണ് വിള്ളൽ. തൂണിന് ചുറ്റും വിടവാണ് കാണാനാകുക. പത്തടിപ്പാലത്തെ തൂണിന്‍റെ പ്രശ്നങ്ങൾ ചർച്ചയായ പശ്ചാത്തലത്തിൽ നാട്ടുകാരാണ് ഇക്കാര്യം മെട്രോ കമ്പനിയെ അറിയിച്ചത്. നാല് മാസങ്ങൾക്ക് മുൻപെ മെട്രോയുടെ ഓപ്പറേഷനൽ വിഭാഗവും ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. തുടർന്ന് വിശദമായ പരിശോധനയും നടത്തി. തൂണിന്‍റെ കോൺക്ട്രീറ്റ് പൂർത്തിയാക്കി പ്ലാസ്റ്ററിംഗ് സമയത്ത് സംഭവിച്ച പ്രശ്നമാണ് വിള്ളലിന് കാരണമെന്നാണ് കണ്ടെത്തൽ. പ്ലാസ്റ്ററിംഗ് ജോലിക്കിടെ ഫില്ലിംഗ് നടത്തിയപ്പോൾ മിശ്രിതം ചേരുന്നതിൽ ഏറ്റകുറച്ചിലുണ്ടായി.

എന്നാൽ ഇത് തൂണിന് ഏറ്റവും പുറത്തുള്ള പാളി മാത്രമെന്നും തൂണിന്‍റെ ബലത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നുമാണ് മെട്രോ എഞ്ചിനീയറിംഗ് വിഭാഗം കണ്ടെത്തിയത്. ഇവിടെ മെട്രോയുടെ നിർമ്മാണം നടത്തിയത് ഡിഎംആർസിയാണെങ്കിലും കരാർ തീർന്നതോടെ കെഎംആർഎൽ ആണ് പരിശോധനയും അറ്റകുറ്റ പണികളും നടത്തുന്നത്. 44 നമ്പർ പില്ലറിൽ യാതൊരു അറ്റകുറ്റപ്പണിയുടെയും ആവശ്യമില്ലെന്നാണ് മെട്രോ കമ്പനി വിശദീകരിക്കുന്നത്. ഇതേ റൂട്ടിൽ പത്തടിപ്പാലത്തെ 347 നമ്പർ തൂണിന് കഴിഞ്ഞ മാർച്ച് മാസത്തിൽ തകരാർ കണ്ടെത്തിയിരുന്നു. സർവ്വീസുകളുടെ വേഗത കുറച്ച് മാസങ്ങളെടുത്താണ് തൂണിന്‍റെ ബലക്ഷം പരിഹരിച്ചത്.ഇത് ദിവസങ്ങൾക്കകം പഴയപടിയാകുമെന്ന് കെഎംആർഎൽ അറിയിച്ചതിന് പിന്നാലെയാണ് ആലുവയിൽ നിന്നുള്ള വിള്ളൽ ചർച്ചയായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe