കൊച്ചി: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാറുകാർ കടക്കെണിയിൽ. കൊച്ചി കോർപ്പറേഷനിൽ മാത്രം കുടിശ്ശിക നൂറ് കോടി രൂപ പിന്നിട്ടതോടെ പുതിയ ജോലികൾ ഏറ്റെടുക്കില്ലെന്ന കടുത്ത തീരുമാനത്തിലാണ് കരാറുകാർ. സർക്കാർ കുടിശ്ശികയും പ്ലാൻ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവും താഴെത്തട്ടിൽ നിർമ്മാണപ്രവർത്തനങ്ങളെ സാരമായി ബാധിച്ച് തുടങ്ങി.
ഇരുപത് വർഷമായി കൊച്ചി കോർപ്പറേഷനിലെ നിർമ്മാണ ജോലികൾ ചെയ്യുന്ന കരാറുകാരനാണ് ജോൺസൻ. രണ്ടര വർഷം മുൻപ് എട്ട് ലക്ഷം രൂപ മുടക്കിയാണ് ജോൺസൻ കടവന്ത്രയിലെ റോഡ് പണി പൂർത്തിയാക്കിയത്. ഇങ്ങനെ പല പദ്ധതികളിലായി നഗരത്തിലെ റോഡും, കലിങ്കുകളും, കാനയും പണിത വകയിൽ കൊച്ചി കോർപ്പറേഷൻ ജോൺസന് നൽകാനുള്ളത് 95 ലക്ഷം രൂപയാണ്. ആ തുക കൈയ്യിൽ കിട്ടാൻ എന്നുമിങ്ങനെ രാവിലെ കോർപ്പറേഷൻ ഓഫീസ് കയറിയിറങ്ങുകയാണ് ജോൺസൻ. പലിശയ്ക്കെടുത്ത് നടത്തിയ പണിയാണെന്നും ആകെ പ്രതിസന്ധിയിലാണെന്നും ജോൺസൻ പറയുന്നു.
വർഷങ്ങളായുള്ള കുടിശ്ശിക കൊവിഡിലാണ് കുമിഞ്ഞ് കൂടിയത്. സമരം ശക്തമാക്കിയതോടെ രണ്ട് മാസം മുൻപ് 2020 ജൂലൈ വരെയുള്ള കുടിശ്ശിക മാത്രം അനുവദിച്ചു. ഇനി തരാൻ കൈയ്യിൽ നയാ പൈസ ഇല്ലെന്നാണ് കരാറുകാരോട് കൊച്ചി കോർപ്പറേഷൻ പറയുന്നത്.250 കോടി രൂപ പെൻഷൻ, ജിഎസ്ടി ഇനത്തിൽ സംസ്ഥാന സർക്കാർ നൽകാനുണ്ട്. അത് കൈയ്യിൽ കിട്ടുമ്പോൾ നോക്കാമെന്നാണ് മേയറുടെ വാക്ക്. എന്നാൽ പൈസ ഇല്ലെങ്കിൽ ഇനി പണിക്കില്ലെന്നാണ് കരാറുകാരുടെ മറുപടി. കൗൺസിലർമാർ പറഞ്ഞിട്ടും ആരും പുതിയ ജോലികൾ ഏറ്റെടുക്കുന്നില്ല.
കൊച്ചിയിൽ മാത്രമല്ല. തദ്ദേശസ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ട് വകയിൽ രണ്ടാം ഗഡു നൽകേണ്ടത് ഓഗസ്റ്റ് മാസത്തിലാണ്. എന്നാൽ കണ്ണൂരടക്കമുള്ള കോർപ്പറേഷന് ഈ തുക ഇത് വരെയും കിട്ടിയിട്ടില്ല. കരാറുകാർക്ക് ഏഴ് കോടി 94 ലക്ഷം കുടിശ്ശികയുമുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ അവസ്ഥ മാത്രമല്ല പൊതുമരാമത്ത്,ജല അതോറിറ്റി, കിഫ്ബി എന്നിങ്ങനെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നായി 14,000കോടി രൂപ കുടിശ്ശിക എന്നാണ് ഓൾ ഗവൺമെന്‍റ് കോൺട്രാക്ടേഴ്സ് ഫെഡറേഷന്‍റെ കണക്ക്. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും മുൻഗണന ക്രമത്തിലാണ് തുക അനുവദിക്കുന്നതെന്ന് സർക്കാർ പറയുമ്പോൾ, കുടിശ്ശിക തീർപ്പാക്കിയില്ലെങ്കിൽ ശക്തമായ സമരമെന്ന നിലപാടിലാണ് കരാറുകാർ.