കേള്‍വിപ്രശ്നമറിഞ്ഞ് ജോലിക്കെടുത്തു, ശേഷം വിട്ടയച്ചു; യുവതിക്ക് വൻ തുക നഷ്ടപരിഹാരം

news image
Jan 19, 2023, 9:58 am GMT+0000 payyolionline.in

ഭിന്നശേഷിക്കാരായ ആളുകളെ സംബന്ധിച്ച് അവര്‍ക്ക് മറ്റുള്ളവരെ പോലെ വിദ്യാഭ്യാസം, ജോലി, സാമൂഹികമായ ജീവിതം എല്ലാം സാധ്യമാകാൻ അല്‍പം പ്രയാസം തന്നെയാണ്. പലപ്പോഴും സൗകര്യങ്ങളുടെ അഭാവം, പൊതുവെയുള്ള ആളുകളുടെ സമീപനം- കാഴ്ചപ്പാട് എന്നിവയെല്ലാമാണ് കാര്യമായും ഇവരെ പ്രതിസന്ധിയിലാക്കുന്നത്

കാഴ്ച, സംസാരം, കേള്‍വി പ്രശ്നങ്ങളെല്ലാമുള്ളവരാണെങ്കിലും ഇവര്‍ക്ക് ഇവരുടേതായ രീതിയില്‍ നിത്യജീവിതത്തിലെ കാര്യങ്ങളും ആശയവിനിമയവും എല്ലാം ചെയ്യാൻ സാധിക്കും. ഇതിനൊപ്പം തന്നെ വിവിധ ജോലികളിലും ഇവര്‍ക്ക് കഴിവ് തെളിയിക്കാൻ സാധിക്കും. എന്നാല്‍ പലപ്പോഴും തൊഴില്‍ മേഖലകളില്‍ ഇവര്‍ക്ക് പ്രാതിനിധ്യമോ അവസരങ്ങളോ ലഭിക്കാറില്ലെന്നതാണ് സത്യം.

ഇപ്പോഴിതാ കേള്‍വിപ്രശ്നമുള്ളൊരു യുവതിയെ ഇതറിഞ്ഞ് ജോലിക്കെടുത്ത ശേഷം പിന്നീട് വിട്ടയച്ച കമ്പനിക്കെതിരെ കോടതി നടപടിയെടുത്ത സംഭവമാണ് വാര്‍ത്തകളില്‍ ശ്രദ്ധ നേടുന്നത്. യുഎസിലെ മിനോസോട്ടയിലാണ് സംഭവം.

ഇവിടെയൊരു ആശുപത്രിയില്‍ ജോലിക്കെത്തിയതാണ് ഇരുപത്തിയാറുകാരിയായ കൈല വോത്ത്. ആശുപത്രി മാനേജരാണ് കൈലയെ ഓണ്‍ലൈനായി അഭിമുഖം ചെയ്തത്. ഈ സമയത്ത് തന്നെ കൈല തനിക്ക് കേള്‍വിത്തകരാറുള്ള കാര്യം അറിയിച്ചിരുന്നു. കേള്‍വിക്ക് പ്രശ്നമുണ്ടെങ്കിലും തനിക്ക് തന്‍റേതായ രീതിയില്‍ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ കഴിയുമെന്നും അതുപോലെ ഹിയറിംഗ് എയ്ഡ് ഉള്ളതിനാല്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാൻ സാധിക്കുമെന്നുമെല്ലാം ഇദ്ദേഹത്തെ അറിയിച്ചിരുന്നു.

ആശുപത്രിയിലെത്തുന്ന ആളുകളെ സ്വാഗതം ചെയ്യുക, അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, കൊവിഡ് കാലമായതിനാല്‍ അവര്‍ക്ക് ഇത് സംബന്ധിച്ച് വേണ്ട കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുക എന്നിങ്ങനെയുള്ള ജോലികളായിരുന്നു കൈലയെ ഏല്‍പിച്ചിരുന്നത്. എന്നാലിതിലേക്ക് കടക്കും മുമ്പ് തന്നെ ആശുപത്രി അധികൃതര്‍ ഇവരെ ജോലിക്ക് എടുക്കേണ്ട എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

ഇതോടെയാണ് കൈല നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തത്. കൈലയുടെ പരാതികളെല്ലാം നിഷേധിച്ച ആശുപത്രി അധികൃതര്‍ക്ക് പക്ഷേ കനത്ത തുക ഇവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിവന്നു. ഒരു കോടി നാല്‍പത്തിയാറ് ലക്ഷം രൂപയാണ് ഇവര്‍ക്ക് ആശുപത്രി നഷ്ടപരിഹാരമായി നല്‍കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe