കൽപറ്റ: യുവതലമുറയെ വഴിതെറ്റിക്കുന്ന സാമൂഹിക ഭീഷണികളിലൊന്നായ ലഹരി ഉപയോഗം സംസ്ഥാനത്ത് വർധിച്ചു വരുന്നു. കർണാടകയിൽനിന്ന് കേരളത്തിലേക്ക് വയനാട് വഴി കടത്തിക്കൊണ്ടുവരുന്നതിനിടെ പിടികൂടുന്ന മയക്കുമരുന്നുകളുടെ കണക്ക് പരിശോധിക്കുമ്പോൾ എണ്ണത്തിലെ വ്യാപ്തി വ്യക്തമാകും.
വയനാട് അതിർത്തി ചെക്പോസ്റ്റുകളിലടക്കം ദിനംപ്രതി എക്സൈസും പൊലീസും പിടികൂടുന്നത് എം.ഡി.എം.എ (മെത്തലീൻ ഡൈ ഓക്സി മെത്താംഫെറ്റമിൻ), ഹഷീഷ് ഓയിൽ, എൽ.എസ്.ഡി സ്റ്റാമ്പ്, നൈട്രോ സെപാം ടാബ്ലെറ്റ്, ബ്രൗൺ ഷുഗർ, കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളാണ്.
ജനുവരി മുതൽ ജൂൺ വരെ വയനാട്ടിൽ എക്സൈസ് രജിസ്റ്റർ ചെയ്തത് 183 മയക്കുമരുന്ന് കേസുകളാണ്. ജനുവരി മാസം മാത്രം 1126.661 ഗ്രാം എ.ഡി.എം.എ ആണ് അതിർത്തിയിൽനിന്നടക്കം പിടികൂടിയത്.
മുമ്പ് വൻകിട നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന മയക്കുമരുന്നുകളുടെ വിൽപനയും ഉപയോഗവും ഗ്രാമങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമാഫിയയുടെ ഇടനാഴിയാണ് വയനാട്. ആവശ്യക്കാർ ഏറിയതോടെ ലഹരിമാഫിയ വിൽപന മൈസൂരുവിലേക്കും വിപുലപ്പെടുത്തിയിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ തന്നെ വ്യക്തമാക്കുന്നു. സിന്തറ്റിക് -രാസലഹരി വസ്തുക്കൾ പ്രധാനമായും അഹ്മദാബാദ്, ചെന്നൈ, ബംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നും കഞ്ചാവ് ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിൽനിന്നുമാണ് കേരളത്തിൽ എത്തിക്കുന്നത്.
പുകയില ഉൽപന്നങ്ങളിലും മദ്യത്തിലും തുടങ്ങി പിന്നീട് വീര്യം കൂടിയ മയക്കുമരുന്നിന് അടിമകളാവുകയാണ് പുതുതലമുറ. പൊലീസ് രജിസ്റ്റർ ചെയ്യുന്ന കോട്പ (സിഗരറ്റ്സ് ആൻഡ് അതർ ടുബാക്കോ പ്രോഡക്ട്സ് ആക്ട് -COTPA) കേസുകളുടെ എണ്ണവും ആശങ്ക വർധിപ്പിക്കുന്നതാണ്.
കഴിഞ്ഞ ഏഴര വർഷത്തിനിടെ വിവിധ തരത്തിലുള്ള പുകയില ഉൽപന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 8,80,912 കോട്പ കേസുകളാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2016ൽ -2,36,291, 2017-1,67,278, 2018-1,14,319, 2019- 90,972, 2020- 47,995, 2021- 88,360, 2022-82,845, 2023 (ജൂലൈ വരെ)-52,852 എന്നിങ്ങനെയാണ് കേസുകൾ.
ലഹരിതേടി മെഡിക്കൽ ഷോപ്പുകളിലും ആളുകളെത്തുന്നുണ്ട്. പ്രെഗബാലിൻ കാപ്സ്യൂൾ, ട്രമഡോൾ എക്സ്റ്റൻഡഡ് തുടങ്ങിയ വേദന സംഹാരിയായി ഉപയോഗിക്കുന്ന ഗുളികകൾ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെയാണ് ആവശ്യക്കാർ വാങ്ങുന്നത്. പല ഫാർമസികളും ഒരു മാനദണ്ഡവും നോക്കാതെയാണ് ഇത്തരം ഗുളികകൾ ആവശ്യക്കാർക്ക് നൽകുന്നത്. സർക്കാർ ഇടപെട്ട് നിയമലംഘനങ്ങൾക്കെതിരെ നിയന്ത്രണം കർശനമാക്കണമെന്നാണ് ഫാർമ ഫെഡ് ആവശ്യപ്പെടുന്നത്.