കെ. സുധാകരന്‍ കണ്ണൂരിലെ പഴയ കോണ്‍ഗ്രസ് നേതാവല്ല; ജാഗ്രത പാലിച്ചില്ലെന്ന് പി. ജയരാജൻ

news image
Jun 20, 2023, 10:35 am GMT+0000 payyolionline.in

കണ്ണൂർ: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടരുതെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. തെറ്റ് ചെയ്തിട്ടുണ്ടങ്കില്‍ അന്വേഷണ സംഘത്തോടും പൊതുസമൂഹത്തോടും പറയാന്‍ സുധാകരന്‍ ബാധ്യസ്ഥനാണ്. സുധാകരന്‍ ജാഗ്രത പാലിച്ചില്ലെന്നും ജയരാജൻ പറഞ്ഞു.

കണ്ണൂരിലെ പഴയ കോണ്‍ഗ്രസ് നേതാവല്ല, നിലവില്‍ കെ.പി.സി.സി അധ്യക്ഷനാണ് കെ. സുധാകരന്‍. ഇത്രയും സംഭവങ്ങളുണ്ടായിട്ടും സുധാകരന്‍ മോന്‍സണ്‍ മാവുങ്കലിനെ ന്യായീകരിക്കുകയാണ്. പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട ജാഗ്രത പാലിച്ചില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ പറഞ്ഞത്. കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ ഹീനനടപടിയില്‍ എന്താണ് പറയാനുള്ളതെന്നും പി. ജയരാജന്‍ ചോദിച്ചു.

പുരാവസ്തു തട്ടിപ്പ് കേസിലും പോക്‌സോ കേസിലും പ്രതിയായ ഒരാളോട് അടുത്ത ബന്ധം പുലര്‍ത്തുന്ന സുധാകരനെതിരെ മാധ്യമങ്ങള്‍ ഒന്നും മിണ്ടുന്നില്ല. തെറ്റിനെതിരെ നടപടിയെടുക്കുന്ന എസ്.എഫ്‌.ഐയെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമം.

എസ്.എഫ്‌.ഐക്ക് ഗൗരവമായ തെറ്റുപറ്റിയെന്ന് ചിത്രീകരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങളുടെ ശ്രമം. തെറ്റിനെ തെറ്റായി കാണുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. തെറ്റിനെതിരെ നടപടി എടുക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തെ പ്രതികൂട്ടില്‍ നിര്‍ത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും പി. ജയരാജന്‍ ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe