നന്തി ബസാർ: കെ.റെയിൽ പദ്ധതി റദ്ദ് ചെയ്തു കൊണ്ട് സർക്കാർ ഉത്തരവിറക്കുക, സമരക്കാർക്കെതിരെയുള്ള കേസ്സുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും, കെ.റെയിൽ പദ്ധതിക്കായി ഒരു തരിമണ്ണും വിട്ടുതരില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടും അഴിയൂരിൽ നിന്ന് വെങ്ങളത്തേക്ക് പുറപ്പെട്ട കിടപ്പാട സംരംക്ഷണ വാഹന ജാഥക്ക് മറ്റൊരു സമരപന്തലായ നാരങ്ങോളി കുളത്ത് ഉജ്ജ്വല വരവേൽപ്പു നൽകി.
സ്ത്രീകളടക്കം നല്ലൊരു ഇരകൾ പങ്കെടുത്തു. ജാഥാ കേപ്റ്റൻ രാമചന്ദ്രൻ വരപ്പുറത്തിനെ പ്രവർത്തകർ ഹാരമണിയിച്ചു. ഇരകളുടെ കിടപ്പാടങ്ങളിൽ നിന്ന് ചിരട്ടയിൽ ശേഖരിച്ച മണ്ണ് ഓരോരുത്തരിൽ നിന്നും ക്യാപ്റ്റൻ ഏറ്റു വാങ്ങി. സമര നായിക സിന്ധു ജെയിംസ്, രാമചന്ദ്രൻ വരപ്പുറത്ത് സംസാരിച്ചു. ടി.കെ.നാസ്സർ അദ്ധ്യക്ഷനായി. മുതുകുനി മുഹമ്മദലി സ്വാഗതവും, ഖലിൽ നന്ദിയും പറഞ്ഞു. നിരവധി പ്രവർത്തകർ വാഹനങ്ങളിൽ ജാഥയെ അനുഗമിച്ചു.