കോട്ടയം ∙ കെപിസിസി അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ചു ചർച്ചകൾ സജീവമാകുമ്പോൾ, ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും അഴിച്ചുപണിയുണ്ടാകുമെന്നു സൂചന. 10 ഡിസിസി അധ്യക്ഷന്മാരെ മാറ്റിയേക്കുമെന്നാണ് വിവരം. ഡിസിസികളുടെ പ്രവർത്തനത്തിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരാനും അവയെ പഴയ പ്രതാപത്തിലേക്കെത്തിക്കാനും എഐസിസി ജനറൽ സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച്, നേരത്തേ തയാറാക്കിയ സർവേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും ജില്ലാ പ്രസിഡന്റുമാരെ മാറ്റുന്നതിൽ തീരുമാനമുണ്ടാവുക.
തെക്കൻ ജില്ലകളിൽ ഡിസിസി തലപ്പത്ത് പൂർണമായി മാറ്റമുണ്ടായേക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയെങ്കിലും ബൂത്തുതല പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലായിരുന്നുവെന്നാണ് സുനിൽ കനഗോലുവിന്റെ റിപ്പോർട്ട്. സർക്കാർവിരുദ്ധ വികാരമുണ്ടായിരുന്ന വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനായില്ലെന്നും റിപ്പോർട്ടിലുണ്ട്. പ്രായം, പ്രവർത്തനമികവ്, സാമുദായിക സമവാക്യം എന്നിവ പരിഗണിക്കാതെയാണ് കഴിഞ്ഞതവണ ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന വിമർശനമുണ്ട്. ഇതെല്ലാം പരിഗണിച്ചാകും അഴിച്ചുപണി. പരമാവധി യുവാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കണമെന്ന താൽപര്യമാണ് ദേശീയ നേതൃത്വത്തിനുള്ളത്.
ഡിസിസി പ്രസിഡന്റുമാർ മൂന്നു വർഷം തികച്ച സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി മാറ്റം വേണമെന്ന നിർദേശം എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾക്ക് ഊർജം നൽകാൻ പുതിയ നേതൃത്വം വരട്ടെയെന്നാണ് എഐസിസി നിലപാട്.
സുനിൽ കനഗോലുവിന്റെ റിപ്പോർട്ടിനു പുറമെ, ഏതെല്ലാം ഡിസിസി പ്രസിഡന്റുമാരെയാണ് മാറ്റേണ്ടതെന്ന റിപ്പോർട്ട് എഐസിസി സെക്രട്ടറിമാർ സമർപ്പിച്ചിട്ടുണ്ട്. ജില്ലാതല പര്യടനം നടത്തി, ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തനവും തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള മിഷൻ 2025ന്റെ ഭാഗമായ പ്രവർത്തനവും വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.
1960കളിലും 70കളിലും ഡിസിസികൾക്കുണ്ടായിരുന്ന മികവ് ക്ഷയിച്ചതു പാർട്ടിക്കു ക്ഷീണമായെന്നാണ് എഐസിസി യോഗത്തിലുണ്ടായ വിലയിരുത്തൽ. ഡിസിസികൾക്കു തീരുമാനമെടുക്കാവുന്ന തരത്തിൽ കൂടുതൽ അധികാരം നൽകണമെന്നതുൾപ്പെടെ അഭിപ്രായം ഉയർന്നു. സ്ഥാനാർഥി നിർണയഘട്ടത്തിൽ ഡിസിസികൾ ഒരു പേര് മാത്രം ഹൈക്കമാൻഡിനു നൽകുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ജില്ലാ കമ്മിറ്റികൾക്കു കൂടുതൽ അധികാരവും ചുമതലയും നൽകണമെന്ന നിർദേശത്തെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പിന്തുണച്ചു. ഇതുൾപ്പെടെ പാർട്ടിയുടെ അടിസ്ഥാന ഘടന ശക്തിപ്പെടുത്താനുള്ള ചർച്ചകൾ നടന്നു. സമാന ചർച്ച സംസ്ഥാന തലത്തിലും നടത്താനാണ് എഐസിസി തീരുമാനം.
2024 പുനഃസംഘടനാ വർഷമായിരിക്കുമെന്ന് നേരത്തേ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ബിഹാറിലല്ലാതെ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പുകളൊന്നും നടക്കുന്നില്ല. ഇതു മുൻകൂട്ടി കണ്ടാണ് സംഘടനയെ അടിമുടി അഴിച്ചുപണിയാൻ തീരുമാനമെടുത്തത്.