കെപിപിഎച്ച്എ വേറിട്ട സംഭാവനകൾ നൽകിയ മഹത്തായ പ്രസ്ഥാനം : മന്ത്രി പി. പ്രസാദ്

news image
May 16, 2023, 1:58 pm GMT+0000 payyolionline.in

പയ്യോളി: കേരള വിദ്യാഭ്യാസ ചരിത്രത്തിൽ വേറിട്ട സംഭാവനകൾ നല്കിയ മഹത്തായ സംഘടനയാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ എന്ന് മന്ത്രി പി. പ്രസാദ് . കെ.പി.പി.എച്ച്.എ.യുടെ നവീകരിച്ച സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം അയനിക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളിലൂടെ സംഘടനയെ കെട്ടിപ്പടുത്ത ടി.കുഞ്ഞിരാമൻ മാസ്റ്റർ ഉൾപ്പെടെയുള്ള മഹാരഥന്മാരായ നേതാക്കളുടെ പ്രവർത്തന പാരമ്പര്യമുള്ള സ്വന്തന്ത്ര സംഘടനയാണ് കെ.പി.പി.എച്ച്.എ. എന്ന് മന്ത്രി പറഞ്ഞു.

പ്രധാനാധ്യാപകർക്ക് പരിശീലനം നൽകുന്ന പഠന ഗവേഷണ കേന്ദ്രം വിദ്യാഭ്യാസ രംഗത്ത് മാതൃകയായ ഒരു സ്ഥാപനമാണ്. ഈ സംഘടനയ്ക്ക് വിദ്യാഭ്യാസ രംഗത്ത് ശക്തമായ സാന്നിധ്യമായി മുന്നോട്ടു പോകുവാൻ സാധിക്കും. ചരിത്രത്തെക്കുറിച്ചറിയുന്നത് നമ്മുടെ ആത്മബലം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
മറ്റുള്ളവരെ കേൾക്കാനുള്ള സഹിഷ്ണുതയുണ്ടായാൽ ചരിത്രപഠനം സുഗമമാകുമെന്നും ചരിത്രപഠനത്തിന് പ്രാധാന്യം നല്കണമെന്നും മന്ത്രി പറഞ്ഞു.

ഓരോ കാലഘട്ടത്തിലും എഴുതപ്പെടുന്ന കൃതികൾ വായിക്കുന്നതിലൂടെ ആ കാലഘട്ടത്തിലെ ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കാൻ സാധിക്കും. അതിനാൽ സമൂഹത്തിന്റെ വായനാശീലം വർധിപ്പിക്കാൻ അധ്യാപകരിൽ നിന്ന് കൂടുതൽ ശ്രമം ഉണ്ടാകണം. കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഠന ഗവേഷണകേന്ദ്രം ഡയറക്ടർ ടി. ശ്രീധരൻ ചോമ്പാല കേന്ദ്രത്തിന്റെ ചരിത്ര നാൾവഴികൾ വിശദീകരിച്ചു.

കെ.പി.പി.എച്ച്. എ.സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ, ജോ.സെക്രട്ടറി കെ.ശ്രീധരൻ, വൈസ് പ്രസിഡന്റ് കെ.കെ. നരേന്ദ്രബാബു,പഠന ഗവേഷണ കേന്ദ്രം മാനേജർ കെ.കെ. ഗംഗാധരൻ, ഹെഡ്മാസ്റ്റർ മാസിക അസോ. എഡിറ്റർ എസ്. നാഗദാസ്,വനിതാ ഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു, പി.പി.ലേഖ,രാജു മാത്യു , കെ.ശ്രീജ, എം.ടി.ആന്റണി, എം.പദ്മനാഭൻ , സംഘാടക സമിതി കൺവീനർ കെ.സി.
അബ്ദുസ്സലാം എന്നിവർ പ്രസംഗിച്ചു. ഗവേഷണ കേന്ദ്രം നവീകരണക്കമ്മിറ്റി കൺവീനർ കെ.കെ. ഗംഗാധരൻ , ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി എന്നിവരെ  ആദരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe