കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസ്; നരഹത്യ കുറ്റം ഒഴിവാക്കിയ വിധി സ്റ്റേ ചെയ്തു

news image
Nov 25, 2022, 6:30 am GMT+0000 payyolionline.in

കൊച്ചി : കെ എം ബഷീറെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാരിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. നരഹത്യാകുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.

ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിടുതൽ ഹർജിയിലായിരുന്നു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ്. ഇതിനെതിരെയാണ് ന​രഹത്യാക്കുറ്റം പുനഃസ്ഥാപിച്ച് വിചരണ നടത്തണം എന്ന് സർക്കാർ ഹർജി നൽകിയത്. നരഹത്യാകുറ്റത്തിന്റെ കാര്യത്തിൽ കാര്യമായ വസ്തുതകൾ കീഴ്ക്കോടതി പരി​ഗണിച്ചില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ പ്രാഥമികമായി അറിയിച്ചത്. കേരളത്തിൽ ചർച്ചാവിഷയമായ കേസ് വെറും വാഹനാപകടമായി പരി​ഗണിച്ച് മുന്നോട്ട് പോകാനാകില്ല. നരഹത്യയെന്നതിന്  തെളിവുകളുണ്ട്. ശ്രീറാം ആദ്യ ഘട്ടത്തിൽ അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

കേസ് പരി​ഗണിച്ച കോടതി രണ്ട് മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയിൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്നതുവരെ കീഴ്ക്കോടതിക്ക് തുടർനടപടികളുമായി മുന്നോട്ട് പോകാനാകില്ല. ഹൈക്കോടതി ഹർജിയിൽ വിശദമായ വാദം കേൾക്കും. സർക്കാർ ഹർജിയിലെ ഉത്തരവിനെ ആശ്രയിച്ചാകും തുടർനടപടി. ശ്രീറാം വെങ്കിട്ടരാമൻ, വഹ ഫിറോസ് എന്നിവർ എതിർകക്ഷികളായാണ് നടപടി മുന്നോട്ട് പോകുന്നത്. ഇരുവർക്കും കോടതി നോട്ടീസ് അയക്കും. വരും ദിവസങ്ങളിൽ ഇരുവർക്കും അവരുടെ ഭാ​ഗം അറിയിക്കാം. നരഹത്യ കുറ്റം നിലനിൽക്കുമെന്നാണ് ഹൈക്കോടതി കണ്ടെത്തുന്നതെങ്കിൽ നരഹത്യക്കുറ്റവും കൂടി ചേർത്താകും വിചാരണ നടക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe