കാസർകോട് ജില്ലയിൽ ആദ്യം; ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ജില്ലാ ആശുപത്രി

news image
Jan 10, 2023, 9:50 am GMT+0000 payyolionline.in

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബില്‍ നടത്തി. ഹൃദയാഘാതത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ 60 വയസുകാരനാണ് ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചു കിട്ടിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആന്‍ജിയോഗ്രാം പരിശോധനയും ജില്ലാ ആശുപത്രിയില്‍ തന്നെയാണ് ചെയ്തത്. ആന്‍ജിയോഗ്രാം പരിശോധന തുടങ്ങി ഒരുമാസത്തിനകം തന്നെ ആന്‍ജിയോപ്ലാസ്റ്റിയും യാഥാര്‍ത്ഥ്യമാക്കി.

കാസര്‍ഗോഡ് ജില്ലയെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണ്. 8 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സജ്ജമാക്കിയത്. ഹൃദയ ചികിത്സകള്‍ക്ക് കണ്ണൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിനെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കുന്ന നിലയായിരുന്നു ഇതുവരെ. ഈ സാഹചര്യം ഇതോടെ മാറും. ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് സിസിയുവില്‍ 7 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐസിഡി സംവിധാനം തുടങ്ങി ചെലവേറിയ ചികിത്സകള്‍ സാധാരണക്കാര്‍ക്കും ലഭിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

 

ഹൃദയത്തിന്റെ രക്ത ധമനികളിലുണ്ടാകുന്ന തടസങ്ങൾ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുന്നതിനും ഏറെ ഉപയോഗപ്രദമായ ആന്‍ജിയോഗ്രാം പരിശോധന, പരിശോധനയിലൂടെ കണ്ടെത്തുന്ന ബ്ലോക്കുകള്‍ നീക്കം ചെയ്യുന്ന ആന്‍ജിയോ പ്ലാസ്റ്റി സൗകര്യം എന്നിവ ജനങ്ങള്‍ക്ക് ലഭ്യമാവുന്ന സ്ഥാപനമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മാറി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ചികിത്സയ്ക്ക് കാസർകോട് ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് സേവനം ലഭ്യമാക്കി. ഇതുകൂടാതെ ന്യൂറോളജി ചികിത്സയ്ക്കുള്ള പരിശോധനയ്ക്കായി ഇഇജി സംവിധാനവും സജ്ജമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe