കമ്യൂണിസ്റ്റ് പാർട്ടികളിലുൾപ്പെടെ പുരുഷാധിപത്യം ശക്തം, റാലികളിലെ പങ്കാളിത്തം കമ്മിറ്റികളിലില്ല; ബൃന്ദ കാരാട്ട്

news image
Nov 26, 2022, 3:26 am GMT+0000 payyolionline.in

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉള്‍പ്പെടെ പുരുഷാധിപത്യം ശക്തമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. റാലികളില്‍ സ്ത്രീകളെ ഏറെ കാണാമെങ്കിലും കമ്മിറ്റികളില്‍ എണ്ണം കുറവാണ്. തുല്യ പങ്കാളിത്തം ഉറപ്പാക്കും വരെ ഈ വിഷയത്തില്‍ പോരാട്ടം ആവശ്യമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

 

സ്ത്രീകള്‍, ഇന്ത്യയെന്ന ആശയം, നാളെയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ കോഴിക്കോട് ദയാപുരം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു ഇടത് പാര്‍ട്ടികളില്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ കുറിച്ചുളള ബൃന്ദ കാരാട്ടിന്‍റെ ഈ പരാമര്‍ശം. ചടങ്ങിന് ശേഷം ഈ വിഷയത്തില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു ബൃന്ദ തന്‍റെ നിലപാട് കൂടുതല്‍ വ്യക്തമാക്കിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പുരുഷാധിപത്യം തുടരുന്നുണ്ട്. ഈ രീതിയില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴും സിപിഎമ്മില്‍ വനിതകളുടെ അംഗസംഖ്യ 18-20 ശതമാനം വരെ മാത്രമാണ്. റാലിയില്‍ കാണുന്ന പങ്കാളിത്തം കമ്മിറ്റികളില്‍ കാണുന്നില്ലെന്നും അവര്‍ തുറന്ന് പറഞ്ഞു.

എല്ലാ കമ്മിറ്റികളിലും സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമായി ബ്രാഞ്ച് സെക്രട്ടറി തലത്തിലും ലോക്കല്‍ സെക്രട്ടറി തലത്തിലും നിരവധി വനിതകളെത്തി. എങ്കിലും ഏറെ മാറ്റങ്ങള്‍ ഇനിയും ആവശ്യമാണ്. ഒരു നടിയാകാന്‍ ആഗ്രഹിച്ചിരുന്ന തന്നെ വിയറ്റ്നാം യുദ്ധവും ലണ്ടന്‍ ജീവിതവും എങ്ങനെയാണ് മാറ്റിമറിച്ചതെന്ന് വിദ്യാര്‍ത്ഥികളുമായുളള ചര്‍ച്ചയ്ക്കിടെ വിശദീകരിച്ച ബൃന്ദ സംഭാഷണം അവസാനിപ്പിച്ചത് ഇങ്ങനെയാണ്. ജനങ്ങള്‍ക്കൊപ്പം നിന്ന് അഞ്ച് പതിറ്റാണ്ട് കാലം നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയാണുളളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe