കനിവ് 108 ആംബുലൻസ് പുതിയ സേവനങ്ങൾ ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

news image
Sep 24, 2022, 1:08 pm GMT+0000 payyolionline.in

തിരുവനന്തപുരം: സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി കനിവ് 108 ആംബുലൻസിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ എത്തിയാൽ രോഗികൾക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്‌ക്കാൻ വിവരങ്ങൾ തത്സമയം അറിയിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ പ്രത്യേക മോണിറ്റർ സ്ഥാപിക്കുന്നതാണ്.

പൈലറ്റടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഒരു രോഗി 108 ആംബുലൻസിൽ പ്രവേശിക്കപ്പെട്ടാൽ രോഗിയുടെ വിവരം, അപകട വിവരം, രോഗിയുടെ അവസ്ഥ, ആംബുലൻസ് വരുന്നതിന്റെ വിവരം, ആശുപത്രിയിൽ എത്തുന്ന സമയം എന്നിവയെല്ലാം മോണിറ്ററിൽ തത്സമയം തെളിയും. ഇതിലൂടെ ആശുപത്രിയിലുള്ളവർക്ക് അതനുസരിച്ച് ക്രമീകരണം നടത്താനും വേഗത്തിൽ ചികിത്സ ലഭ്യമാക്കാനും സാധിക്കും. കൺട്രോൾ റൂമിൽ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കനിവ് 108 ആംബുലൻസിൽ വിളിക്കുന്ന ആളിന്റെ ലൊക്കേഷൻ തിരിച്ചറിയാനുള്ള സംവിധാനവും ആരംഭിക്കുന്നതാണ്. 108ലേക്ക് വിളിക്കുമ്പോൾ വിളിക്കുന്ന ആളിന്റെ ഫോണിലേക്ക് ഒരു മെസേജ് വരും. ആ മെസേജിൽ ക്ലിക്ക് ചെയ്‌താൽ കൺട്രോൾ റൂമിന് അപകടം നടന്ന സ്ഥലത്തിന്റെ ശരിയായ വിവരങ്ങൾ ലഭ്യമാകും. ഈ വിവരങ്ങൾ ആ സ്ഥലത്തിന് തൊട്ടടുത്തുള്ള ആംബുലൻസിൽ എത്തുന്നു. ഇതിലൂടെ വഴിതെറ്റാതെ വേഗത്തിൽ സ്ഥലത്തെത്താൻ സാധിക്കുന്നു.

സേവനം ആരംഭിച്ച് 3 വർഷം പിന്നിടുമ്പോൾ 5,86,723 ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ നടത്തിയത്. ഇതിൽ 3,45,447 ട്രിപ്പുകൾ കോവിഡ് അനുബന്ധ സേവനങ്ങൾക്ക് വേണ്ടിയായിരുന്നു. കോവിഡ് കഴിഞ്ഞാൽ ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങളിൽ പെട്ടവർക്ക് വൈദ്യ സഹായം എത്തിക്കാൻ ഓടിയ ട്രിപ്പുകളാണ് അധികം. 42,862 ട്രിപ്പുകളാണ് ഇതിൽ ഓടിയത്. 34,813 ട്രിപ്പുകൾ വാഹനാപകടങ്ങളിൽ പരിക്ക് പറ്റിയവർക്ക് വൈദ്യ സഹായം നൽകാൻ കനിവ് 108 ആംബുലൻസുകൾ ഓടിയപ്പോൾ 30,758 ട്രിപ്പുകൾ മറ്റ് അപകടങ്ങളിൽ പരിക്ക് പറ്റിയവർക്ക് വൈദ്യ സഹായം നൽകുവാൻ വേണ്ടിയായിരുന്നു.

ശ്വാസകോശ സംബന്ധമായ അത്യാഹിതങ്ങൾ 27,802, ഉദര സംബന്ധമായ അത്യാഹിതങ്ങൾ 21,168, പക്ഷാഘാതം സംബന്ധമായ അത്യാഹിതങ്ങൾ 13,790, ജെന്നി സംബന്ധമായ അത്യാഹിതങ്ങൾ 9,441, ഗർഭ സംബന്ധമായ അത്യാഹിതങ്ങൾ 8,624, വിഷബാധ സംബന്ധമായ അത്യാഹിതങ്ങൾ 7,870, മറ്റ് അത്യാഹിതങ്ങൾ 44,148 ഉൾപ്പടെ നിരവധി വിവിധ അത്യാഹിതങ്ങളിൽപ്പെട്ടവർക്ക് വൈദ്യ സഹായം എത്തിക്കാൻ കനിവ് 108 ആംബുലൻസുകൾക്ക് സാധിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകൾ (84,863) കനിവ് 108 ആംബുലൻസുകൾ ഓടിയത്. ഇതുവരെ കോവിഡ് രോഗബാധിതരായ 3 പേരുടെ ഉൾപ്പടെ 70 പേരുടെ പ്രസവനങ്ങൾ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സംസ്ഥാനത്ത് നടന്നിട്ടുണ്ട്.

ഓരോ 108 ആംബുലൻസും നിയന്ത്രിക്കുന്നത് പരിചയ സമ്പന്നരായ ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും ചേർന്നാണ്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി റെസ്‌പോൺസ് സെന്ററിലേക്കാണ് 108 ലേക്ക് വരുന്ന ഓരോ വിളികളും എത്തുന്നത്. ഇവിടെ നിന്ന് വിളിക്കുന്ന വ്യക്തിയുടെ പേര്, രോഗിയുടെ വിവരങ്ങൾ, എന്ത് അത്യാഹിതം ആണ് സംഭവിച്ചത് എന്നിങ്ങനെയുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം ജി.പി.എസിന്റെ സഹായത്തോടെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിയുടെ അടുത്തുള്ള കനിവ് 108 ആംബുലൻസ് വിന്യസിക്കുന്നതാണ് രീതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe