ഓണക്കാലം കഴിഞ്ഞതോടെ അരിവില കുതിക്കുന്നു; ചില്ലറ വില കിലോക്ക് 60 എത്തി

news image
Sep 21, 2022, 10:45 am GMT+0000 payyolionline.in

പന്തളം: ഓണക്കാലം കഴിഞ്ഞതോടെ കുതിച്ചുയരുന്ന അരിവിലയിൽ പോക്കറ്റ് കാലിയായി ജനം. തെക്കൻ കേരളത്തിൽ ഏറ്റവുമധികം വിറ്റുപോകുന്ന ജയ അരിക്കു മൊത്ത വില 55 ആയി ഉയർന്നു.

ഓണത്തിനു മുമ്പ് ഇത് 49 ആയിരുന്നു. ചില്ലറ വില പലയിടത്തും കിലോക്ക് 60 എത്തി. ലോഡിങ് ചെലവുകൾ ഉൾപ്പെടെ കണക്കുകൂട്ടുമ്പോൾ 60 രൂപക്ക് താഴെ വിൽക്കാനാവില്ലെന്ന് വ്യാപാരികൾ പറയുന്നു. മറ്റു ബ്രാൻഡുകളെയും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. ആന്ധ്രയിൽനിന്ന് അരി വരുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. പറയുന്ന തുക മുൻകൂറായി അടച്ചാൽ മാത്രമേ കേരളത്തിലേക്കു ലോഡ് അയക്കൂവെന്നാണ് ആന്ധ്രയിലെ മിൽ ഉടമകളുടെ നിലപാട്.

വില താഴാതെ കാരറ്റും ബീൻസും

ഓണവിപണിക്ക് പിന്നാലെ പച്ചക്കറി വില താഴ്ന്നു തുടങ്ങിയിട്ടും വിലയുടെ കാര്യത്തിൽ മുന്നോട്ടു കുതിക്കുകയാണ് കാരറ്റും ബീൻസും. കാരറ്റിനു 100 രൂപയാണ് ചൊവ്വാഴ്ചത്തെ വില. ഓണക്കാലത്ത് ഇത് 80 ആയിരുന്നു. 100 രൂപ ആയിരുന്ന ബീൻസിനു ജില്ലയുടെ പല ഭാഗങ്ങളിലും 110 വരെയാണ് വില. ഗുണമേന്മ അനുസരിച്ചു 90 രൂപ മുതലും ബീൻസ് ലഭ്യമാണ്. വെണ്ട, പടവലം, തക്കാളി തുടങ്ങിയ പച്ചക്കറികൾക്കെല്ലാം ഓണവിപണിയെ അപേക്ഷിച്ച് നേരിയ തോതിൽ വിലക്കുറവുണ്ട്. ഊട്ടിയിൽനിന്നാണ് കാരറ്റും ബീൻസും എത്തുന്നത്. ചൈനീസ് ഭക്ഷണങ്ങൾക്കെല്ലാം ഇവ ആവശ്യമായതിനാൽ വില ഉയർന്നിട്ടും വാങ്ങാൻ ആവശ്യക്കാരുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe