ഏപ്രിൽ മുതൽ പെട്രോളിൽ എഥനോളിന്റെ അളവ് 20 ശതമാനമാക്കും: കേന്ദ്ര മന്ത്രി ഹ‌ർദീപ് സിംഗ് പുരി

news image
Jan 14, 2023, 4:28 am GMT+0000 payyolionline.in

ദില്ലി: രാജ്യത്ത് ഏപ്രിൽ മുതൽ പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് 20 ശതമാനമാക്കി തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹ‌ർദീപ് സിംഗ് പുരി. ഇപ്പോൾ 10 ശതമാനമാണ് പെട്രോളിലെ എഥനോൾ അളവ്. പ്രകൃതി മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് തദ്ദേശീയമായി നിർമ്മിക്കുന്ന എഥനോൾ അളവ് കൂട്ടാൻ കേന്ദ്രം തീരുമാനിച്ചത്.

വാഹന നിർമാതാക്കളോട് കൂടുതൽ പ്രകൃതി സൗഹൃദ മോഡലുകൾ വിപണിയിലിറക്കാനും മന്ത്രി ആവശ്യപ്പെട്ടു. ആഗോളരംഗത്ത് കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിൽ രാജ്യം നിർണായക പുരോഗതിയിലാണെന്നും മന്ത്രി പറഞ്ഞു. നോയിഡയിൽ തുടങ്ങിയ ഓട്ടോ എക്സ്പോയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് 2014 ൽ പെട്രോളിൽ എഥനോൾ മിശ്രിതത്തിന്റെ അളവ് 1.53 ശതമാനമായിരുന്നു. എന്നാൽ 2022 ഓടെ ഇത് 10.17 ശതമാനമായി ഉയർത്തി. 2022 നവംബറോടെ രാജ്യം ഈ നേട്ടം കൈവരിക്കുമെന്നാണ് കരുതിയത്. നിശ്ചയിച്ചതിലും നേരത്തെ തന്നെ ലക്ഷ്യം നേടി. 2030 ൽ പെട്രോളിൽ എഥനോളിന്റെ അളവ് 20 ശതമാനം എത്തിക്കണമെന്നായിരുന്നു അടുത്ത ലക്ഷ്യം. എന്നാൽ 2026നകം തന്നെ ഈ ലക്ഷ്യത്തിലെത്തുമെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

 

നോയിഡയിൽ ഓട്ടോ എക്സ്പോയിൽ എഥനോൾ പവലിയൻ ഉല്ഘാടനം ചെയ്താണ് മന്ത്രിയുടെ പ്രഖ്യാപനം. രാജ്യതലസ്ഥാനത്തടക്കം വായു മലിനീകരണം വലിയ വെല്ലുവിളിയായ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഇടപെടൽ. ഇതിനായി കാറുകളുടെ എഞ്ചിനുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്നും മന്ത്രി ഓർമിപ്പിച്ചു.

മാരുതി, ടൊയോട്ട, ടിവിഎസ്, ഹോണ്ട, ബജാജ് തുടങ്ങിയ പ്രമുഖ കമ്പനികളും 20 മുതൽ 100 ശതമാനം വരെ എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിക്കാവുന്ന ഫ്ലക്സ് ഫ്യുവൽ വാഹനങ്ങൾ ഇത്തവണത്തെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു. നൂറിലധികം കമ്പനികൾ പങ്കെടുക്കുന്ന ഓട്ടോ എക്സ്പോയിൽ ഭൂരിഭാഗം കമ്പനികളും പ്രകൃതി സൗഹൃദ മോഡലുകൾക്കാണ് പ്രധാന്യം നൽകുന്നത്. ഇതുവരെ പുതിയ 82 വാഹനങ്ങളാണ് എക്സ്പോയിൽ വിവിധ കമ്പനികൾ അവതരിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe