‘ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് വഴിയെ അറിയാം’; എതിർ സ്ഥാനാർഥികളുടെ പ്രചാരണ രീതികളെ കുറിച്ച് കെ. മുരളീധരൻ

news image
Mar 20, 2024, 9:50 am GMT+0000 payyolionline.in

തൃശ്ശൂര്‍: തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ എതിർ സ്ഥാനാർഥികളുടെ പ്രചാരണ രീതികളെ കുറിച്ച് പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. ചില തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ തൃശ്ശൂരിന്റെ തനി തങ്കം എന്നൊക്കെയാണ് എഴുതിയിട്ടുള്ളതെന്നും എൽ.ഡി.എഫ് സ്ഥാനാർഥി തൃശൂർ കാണുന്നതിന് മുൻപ് തൃശൂർ കണ്ട ആളാണ് താനെന്നും മുരളീധരൻ പറഞ്ഞു.

‘ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് വഴിയെ അറിയാം’. ഇൻഡ്യ സഖ്യത്തിലെ ഘടക കക്ഷി എന്നു പറയാൻ പോലും കമ്യൂണിസ്റ്റ്‌ പാർട്ടികൾക്ക് അവകാശമില്ല. രാഹുൽ ഗാന്ധിയെ ദുർബലപ്പെടുത്താൻ പിണറായി വിജയൻ ശ്രമിക്കുകയാണ്. കമ്യൂണിസ്റ്റ്‌ പാർട്ടിയെ ആർ.എസ്.എസിന്‍റെ ആലയിൽ കൊണ്ട് കെട്ടിയ ആളാണ് പിണറായിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

തൃശ്ശൂരില്‍ യു.ഡി.എഫ് ജയിക്കണമെന്നും ബി.ജെ.പി മൂനാം സ്ഥാനത്ത് പോകണമെന്നുമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ബി.ജെ.പി -സി.പി.എം ബാന്ധവത്തിന് എതിരെ ജനം വോട്ട് ചെയ്യുമെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. കലാമണ്ഡലം ഗോപിയുടെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച മുരളീധരൻ, ചില സ്ഥാനാർഥിയെ ചിലർ വീട്ടിൽ പോലും കയറ്റാത്തത് നമ്മൾ സമീപ ദിവസങ്ങളിൽ കണ്ടുവെന്നായിരുന്നു പരിഹസിച്ചു.

മോദി വന്നപ്പോൾ മലപ്പുറം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയെ വാഹനത്തിൽ കയറ്റിയില്ല. ഇത് എന്ത് കൊണ്ടാണെന്ന് ബി.ജെ.പി വ്യക്തമാക്കണം. വീട്ടിൽ വരുന്ന അതിഥികളോട് നന്നായി പെരുമാറുന്നതാണ് ഞങ്ങളുടെ സംസ്കാരം. വീട്ടിൽ കയറ്റിയത് കൊണ്ട് കരുണാകരന്‍റെ പേരിൽ ഒരൊറ്റ വോട്ട് നേടാമെന്ന് ബി.ജെ.പി കരുതണ്ടയെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe