സിംഗപ്പൂര്‍ : മധുരയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിൽ ബോംബുണ്ടെന്ന സന്ദേശത്തെത്തുടര്‍ന്ന് സഹായത്തിനെത്തി സിംഗപ്പൂർ വ്യോമസേനയുടെ ഫൈറ്റർ ജെറ്റുകൾ. വിമാനം ചൊവ്വാഴ്ച രാത്രി 10.04ന് ചംഗി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനം പുറപ്പെട്ടതിന് പിന്നാലെ എയർ ഇന്ത്യക്ക് ഇ-മെയിലില്‍ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. സംഭവമറിഞ്ഞതോടെ സിംഗപ്പൂരിന്റെ എഫ്-15 എസ്.ജി പോര്‍വിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തിന് അകമ്പടി സേവിച്ചു. ജനവാസ മേഖലകളില്‍ നിന്ന് യാത്രാവിമാനത്തെ ഗതിമാറ്റി സുരക്ഷിത റൂട്ടിലെത്തിക്കാനും ഫൈറ്റർ ജെറ്റുകൾ സഹായിച്ചു.
ബോംബ് സ്ക്വാഡ്, ഫയർ ഫോഴ്സ്, രക്ഷാപ്രവര്‍ത്തകര്‍, ആംബുലന്‍സുകള്‍ തുടങ്ങി അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും വിമാനത്താവളത്തിൽ സജ്ജമായിരുന്നു. വ്യോമസേനയും മറ്റ് സൈനികവിഭാഗങ്ങളും നല്കിയ സഹായത്തിന് സിംഗപ്പൂര്‍ പ്രതിരോധമന്ത്രി എന്‍.ജെ. ഹെന് എക്സ് പോസ്റ്റിലൂടെ നന്ദി അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.
വ്യാജ ബോംബ് ഭീഷണികളെത്തുടര്‍ന്ന് 48 മണിക്കൂറിനിടെ പത്തോളം ഇന്ത്യന്‍ വിമാനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലത്തിറക്കി പരിശോധിക്കേണ്ടിവന്നത്. ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ കമ്പനികളുടെ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ എത്തുന്നത്. സാമൂഹമാധ്യമമായ എക്സിലൂടെ ഏഴുവിമാനങ്ങള്‍ക്ക് ബോംബുഭീഷണിയുണ്ടായി. ഇതേത്തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളില്‍ സുരക്ഷാപരിശോധനകള്‍ നടത്തി. ഡല്‍ഹി-ചിക്കാഗോ വിമാനം സുരക്ഷാപരിശോധനയ്ക്കായി കാനഡയിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം കാനഡയിലെ ഇക്കാലുയറ്റ് വിമാനത്താവളത്തില്‍ ഇറക്കി 211 യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ചു.
ജയ്പുര്‍-ബംഗളൂരു എയര്‍ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ്-765), ദര്‍ബംഗ-മുംബൈ സ്പൈസ് ജെറ്റ് വിമാനം (എസ്.ജി-116), സിലിഗുരി-ബംഗളൂരു ആകാശ എയര്‍ വിമാനം (ക്യു.പി-1373), ദമാം-ലഖ്നൗ ഇന്‍ഡിഗോ വിമാനം(6 ഇ-98), അമൃത്സര്‍-ദെഹ്റാദൂണ്‍ അലയന്‍സ് എയര്‍ (9എല്‍-650) എന്നിവക്കും ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചു. മുംബൈയിൽ നിന്നും യാത്രതിരിച്ച ഇൻഡിഗോയുടെ മസ്കറ്റിലേക്കുള്ള 6E 1275 വിമാനത്തിനും ജിദ്ദയിലേക്കുള്ള 6E 56 വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു.