എന്‍ജിനില്‍ തീ; കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അബുദാബിയില്‍ തിരിച്ചിറക്കി

news image
Feb 4, 2023, 3:19 am GMT+0000 payyolionline.in
മനാമ > 184 യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് അബുദാബി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ 1.50 ന് അബുദാബിയില്‍ നിന്ന് പറന്നുയരേണ്ട വിമാനം 25 മിനുറ്റോളം വൈകി 2.15നാണ് പറന്നുയര്‍ന്നത്. 45 മിനുറ്റ് യാത്രക്ക് ശേഷം പുലര്‍ച്ചെ മൂന്നോടെ തിരിച്ചിറങ്ങി. ടേക്ക് ഓഫ് ചെയ്ത് വിമാനം ഉയരുന്നതിനിടെ 1,000 അടി ഉയരത്തില്‍ എഞ്ചിന്‍ തീപിടിക്കുകയായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.
എന്‍ജിനില്‍ തീ കണ്ട പൈലറ്റ് അബുദാബി വിമാനത്താവളത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അബുദാബി-കോഴിക്കോട് ഐഎക്‌സ് 348 ബോയിങ് 737-800 വിമാനത്തിന്റെ ഒന്നാം നമ്പര്‍ എന്‍ജിനാണ് തീപിടിച്ചത്. എന്‍ജിനില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്നാണ് അബുദാബി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയതെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് പത്രകുറിപ്പില്‍ അറിയിച്ചു. യാത്രക്കാര്‍ക്കായി ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായും അറിയിച്ചു.
സംഭവം യാത്രക്കാരെ പരിഭ്രാന്തരാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ടേക്ക് ഓഫ് കഴിഞ്ഞ് 15 മിനിറ്റുകള്‍ക്കു ശേഷം വിമാനത്തിന്റെ ഇടതുഭാഗത്തു നിന്ന് ശക്തമായ പ്രകമ്പനം അനുഭവപ്പെടുകയും പിന്നാലെ സീറ്റുകളില്‍ നിന്ന് ഇടിമുഴക്കം പോലുള്ള ശബ്ദം ഉയരുകയും ചെയ്തതായി ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഉടന്‍ യാത്രക്കാര്‍ വിമാന ജീവനക്കാരെ അറിയിച്ചു. എഞ്ചിന് എന്തോ തകരാര്‍ ഉണ്ടെന്നും അബുദാബി എയര്‍പോര്‍ട്ടിലേക്ക് മടങ്ങുകയാണെന്നും പൈലറ്റ് അറിയിച്ചു. ഭീതിതമായ അന്തരീക്ഷമായിരുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി വൈകുംവരെ യാത്രക്കാരെ കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ബദല്‍ മാര്‍ഗങ്ങള്‍ ഏപ്പെടുത്താനായില്ലെന്ന് യാത്രക്കാര്‍ പരാിപ്പെട്ടു. തകരാര്‍ പരിഹരിച്ച് രാത്രി ഒന്‍പതിന് വിമാനം പറന്നുയരുമെന്ന് അറിയിച്ചെങ്കിലും വൈകി. ഇവരെ ശനിയാഴ്ച പുലര്‍ച്ചെ 1.45 ന് കൊണ്ടുപോകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ജനുവരി 23 ന് തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.30ന് മസ്‌കത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍ മൂലം പറന്നുയര്‍ന്ന് 45 മിനിറ്റിനുള്ളില്‍ തിരിച്ചിറക്കിയിരുന്നു. ഫ്‌ളൈറ്റ് മാനേജ്‌മെന്റ് സിസ്റ്റത്തിലായിരുന്നു സാങ്കേതിക തകരാറ്. ഇക്കാര്യവും ഡിജിസിഎ അന്വേഷിക്കുന്നുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe