ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് കവർച്ച; രണ്ടാം ദിനം പ്രതികളെ പിടികൂടി പൊലീസ്

news image
May 29, 2023, 7:14 am GMT+0000 payyolionline.in

കണ്ണൂർ: ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണ്ണം കവർന്ന സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി. കൊല്ലം സ്വദേശി എസ് അഭിരാജ്, കാസർകോട് ഉപ്പള സ്വദേശി കെ കിരൺ എന്നിവരെയാണ് ഇരിട്ടി ഡി വൈ എസ് പിയുടെ പ്രത്യേക സ്‌ക്വോഡ് പിടികൂടിയത്. അഭിരാജിന് 31 ഉം കിരണിന് 29 ഉം വയസാണ് പ്രായം. കണ്ണൂർ ധർമ്മശാലയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് ഇരുവരും പിടിയിലായത്.

ഇന്നലെ രാവിലെയാണ് കണ്ണൂര്‍ ഇരിട്ടിയില്‍ വീട് കുത്തിത്തുറന്ന് പ്രതികൾ മോഷണം നടത്തിയത്. തങ്ങളെ തിരിച്ചറിയാതിരിക്കാൻ സിസിടിവിയുടെ ഡിവിആറും മോഷ്ടാക്കൾ കവർന്നിരുന്നു. ഉളിക്കൽ കല്ലുവയൽ ബെന്നി ജോസഫിന്റെ വീട്ടിലായിരുന്നു കവർച്ച. ബെന്നിയും കുടുംബവും പള്ളിയിൽ പോയ സമയത്ത് വീട്ടിൽ കയറിയ മോഷ്ടാക്കൾ അലമാരകളിൽ സൂക്ഷിച്ച സ്വർണവും പണവുമായി മുങ്ങുകയായിരുന്നു. 22000 രൂപയും വീട്ടിൽ നിന്ന് നഷ്ടമായിരുന്നു.

പള്ളിയിൽ നിന്ന് തിരിച്ചെത്തിയ ബെന്നിയും കുടുംബവും വീടിന്‍റെ മുൻവശത്തെ കതകുകൾ തുറന്നിട്ടത് കണ്ട് അമ്പരന്നിരുന്നു. പിന്നാലെ വീടിന് അകത്ത് കയറി നോക്കിയപ്പോഴാണ് രണ്ട് മുറികളിലെയും അലമാരകൾ കുത്തി തുറന്നതായി കണ്ടത്. വീട്ടിൽ സിസിടിവി ദൃശ്യങ്ങൾ നോക്കിയപ്പോഴാണ് ഡിവിആറും മോഷ്ടാക്കൾ കൊണ്ടുപോയെന്ന് മനസിലായത്. പുറകുവശത്തെ ക്യാമറ തകർത്തിരുന്നു.

ഇരിക്കൂർ പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ബെന്നി പള്ളിയിൽ പോകുന്നത് കൃത്യമായി അറിഞ്ഞായിരുന്നു കവർച്ച പ്ലാൻ ചെയ്തതെന്ന് പൊലീസ് തുടക്കത്തിൽ തന്നെ മനസിലാക്കിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പറശിനിക്കടവിനടുത്ത് ധർമശാലയിൽ വെച്ച് പ്രതികൾ പിടിയിലായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe