ഇപ്പോള്‍ എല്ലാവരും നല്ല സ്നേഹത്തിലാണ്, ഇനിയത് മാറും’, ഓണം ബമ്പര്‍ അടിച്ച അനൂപ് പറയുന്നു

news image
Sep 19, 2022, 3:39 am GMT+0000 payyolionline.in

തിരുവനന്തപുരം: ഓണം ബമ്പര്‍ നറുക്കെടുപ്പിന് പിന്നാലെ ‘ഭാഗ്യം’ തേടിയെത്തിയത് ആരെയെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു മലയാളികള്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ആ ഭാഗ്യശാലി ആരെന്ന്  കണ്ടെത്തി. ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപായിരുന്നു ആ ഭാഗ്യശാലി. ടിക്കറ്റെടുത്തെങ്കിലും ഓണം ബമ്പര്‍ ഇത്തവണ തനിക്കാകുമെന്ന്  അനൂപ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇനിയും ലോട്ടറി എടുക്കുന്നത് തുടരുമെന്നും അനൂപ് പറയുന്നു.

 

ലോട്ടറി അടിച്ചതിന് പിന്നാലെ ഇനി ജീവിതത്തിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും അനൂപ് സംസാരിച്ചു. ‘ഏജന്‍സിയില്‍ വെച്ച് തന്നെ കുറെ ആള്‍ക്കാര്‍ പണം ചോദിക്കാന്‍ തുടങ്ങിയിരുന്നു. കുറെ ആളുകള്‍ വിളിച്ചിട്ട് വീട്ടിലേക്ക് വരാം, സംസാരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ആലോചിക്കുമ്പോള്‍ ടെന്‍ഷനുണ്ട്. ഇനി ബന്ധുക്കളൊക്കെ പിണങ്ങാന്‍ തുടങ്ങും. എത്ര കൊടുത്താലും ആളുകള്‍ക്ക് പറച്ചില് വരും. ഇപ്പോ എല്ലാവരും സ്നേഹത്തിലാണ്, ഇനിയത് മാറും’. അനൂപ് പറയുന്നു.

 

 

ഹോട്ടൽ ജോലിചെയ്തും ഓട്ടോ ഓടിച്ചുമാണ് അനൂപ് കുടുംബം നോക്കുന്നത്. വിദേശത്തേക്ക് പോകാൻ സഹകരണ ബാങ്കിൽ നിന്ന് ഇന്നലെ പാസായ അഞ്ച് ലക്ഷത്തിന്‍റെ വായ്പ ലോട്ടറി അടിച്ചതോടെ വേണ്ടെന്ന് വിളിച്ച് പറഞ്ഞു.  ഹോട്ടൽ ബിസിനസ് നടത്തി ഭാര്യ മായക്കും മകൻ അദ്വൈതിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം  നാട്ടിൽ തന്നെ കൂടാനാണ് അനൂപിന്‍റെ പദ്ധതി.

25 കോടി ഒന്നാം സമ്മാനമടിച്ച ഭാഗ്യവാന്  കയ്യിൽ കിട്ടുന്നത് 15.75 കോടി രൂപയാണ്. 2.5 കോടി രൂപ ഏജന്‍റ് കമ്മീഷനും നികുതിയും പിരിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം 5 കോടി രൂപ ഒരാൾക്ക്. മൂന്നാം സമ്മാനം ഒരുകോടി രൂപ വീതം പത്തുപേര്‍ക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനം.  9 പേര്‍ക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവുമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe