ഇന്റർനാഷണൽ ബുക്കർ സമ്മാന ജേത്രി ഗീതാഞ്ജലി ശ്രീ ഡിസംബർ 19 ന് മടപ്പള്ളി കോളേജിൽ

news image
Dec 15, 2022, 5:00 pm GMT+0000 payyolionline.in

 

മടപ്പള്ളി:  ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ തന്നെ പ്രധാന കലാലയമായ മടപ്പള്ളി ഗവൺമെൻറ് കോളേജിൽ ഇന്റർനാഷണൽ ബുക്കർ അവാർഡ് ജേത്രിയായ ഗീതാഞ്ജലി ശ്രീ എത്തുന്നു. മടപ്പളളി കോളേജ് സ്ഥാപിക്കാൻ നേതൃത്വം കൊടുത്ത എം ആർ നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണം നടത്താനാണ്  കോളേജിലെത്തുന്നത്. ഡിസംബർ 19 ന് രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിലാണ് സ്മാരക പ്രഭാഷണം. ‘എഴുത്തുകാരിയുടെ കടമകൾ’ എന്ന വിഷയത്തെ അധികരിച്ചാണ് പ്രഭാഷണം. ഹിന്ദി ഭാഷയിൽ നോവലുകളും ചെറുകഥകളും രചിക്കുന്ന അവരുടെ ടോമ്പ് ഓഫ് സാൻഡ്‌സ് അഥവാ രേത് സമാധി എന്ന നോവലിനാണ് 2022 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിച്ചത്. ഗീതാഞ്ജലി ശ്രീയുടെ കേരളത്തിലെ ആദ്യത്തെ പരിപാടിയാണ് മടപ്പള്ളി കോളേജിൽ നടക്കുന്നത്.

എല്ലാ വർഷവും എം ആർ സ്മാരക പ്രഭാഷണത്തിന്റെ ഭാഗമായി കാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ പ്രമുഖരെ അണിനിരത്തി പ്രഭാഷണ പരമ്പര നടത്താനാണ് കോളേജിന്റെ തീരുമാനം. ഈ പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം വടകര മുൻ എം എൽ എ  സി.കെ നാണു നിർവഹിക്കും. കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തീരുമാനിച്ച പ്രഭാഷണ പരമ്പരയിലെ ആദ്യത്തെ പ്രഭാഷണമാണ് ഇപ്പോൾ നടക്കുന്നത്. അക്കാദമികവും അക്കാദമികേതര രംഗങ്ങളിലും മികവ് പുലർത്തുന്ന കോളേജ്, നാകിന്റെ എ ഗ്രേഡ് നേടിയിരിക്കുകയാണ്. മാച്ചിനാരി കുന്നിലെ 27.32 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കോളേജ് കേരളത്തിലെ തന്ന മികച്ച ഹരിതാഭമായ കാമ്പസാണ്. പത്ത് ബിരുദ കോഴ്‌സുകളും എട്ട് ബിരുദാന്തര ബിരുദ കോഴ്‌സുകളും ഉള്ള കോളേജിലെ നാല് വകുപ്പുകളെ കോഴിക്കോട് സർവകലാശാല ഗവേഷണ കേന്ദ്രങ്ങളായി ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 1800 ലേറെ കുട്ടികൾ കോളേജിൽ പഠിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe