ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കടത്തിയ 105 അമൂല്യ പുരാവസ്തുക്കൾ തിരികെ എത്തും

news image
Jul 19, 2023, 2:41 pm GMT+0000 payyolionline.in

ദില്ലി: ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന 105 കടത്തപ്പെട്ട പുരാവസ്തുക്കൾ അമേരിക്കയിൽ നിന്ന് ഉടൻ നാട്ടിലേക്ക് തിരികെ എത്തും. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിന് ശേഷമാണ് ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രദേശങ്ങളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന 105 പുരാവസ്തുക്കൾ യുഎസ് രാജ്യത്തിന് മടക്കി നൽകുന്നത്. ഈ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിന് നന്ദി പറഞ്ഞു.

“ഇത് ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കും. ഇതിന് അമേരിക്കയോട് നന്ദിയുണ്ട്. ഈ വിലയേറിയ കലാരൂപങ്ങൾക്ക് സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ട്. പൈതൃകവും സമ്പന്നമായ ചരിത്രവും സംരക്ഷിക്കാനുള്ള  പ്രതിബദ്ധതയുടെ തെളിവാണ്  ഈ കലാരൂപങ്ങളുടെ വീണ്ടെടുക്കലെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള 47, ദക്ഷിണേന്ത്യയിൽ നിന്നുള്ള 27, മധ്യ ഇന്ത്യയിൽ നിന്നുള്ള 22, വടക്കേ ഇന്ത്യയിൽ നിന്ന് ആറ്, പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് മൂന്ന് എന്നിങ്ങനെയാണ് യുഎസ് ഇന്ത്യക്ക് മടക്കി നൽകുന്ന പുരാവസ്തുക്കൾ. മൊത്തം പുരാവസ്തുക്കളിൽ 50 എണ്ണം ഹിന്ദുമതം, ജൈനമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള മതപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ബാക്കിയുള്ളവ സാംസ്കാരിക പ്രാധാന്യമുള്ളവയാണ്.

നേരത്തെ, അമേരിക്ക 248 പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകിയിരുന്നു. 15 ദശലക്ഷം ഡോളർ അഥവാ 112 കോടി രൂപയിലേറെ വിലമതിക്കുന്നതാണ് പുരാവസ്തുക്കളാണ് അന്ന് തിരികെ നൽകിയത്. 12ാം നൂറ്റാണ്ടിൽ വെങ്കലത്തിൽ നിർമ്മിച്ച നടരാജ വിഗ്രഹമടക്കമുള്ള അമൂല്യ നിധികളാണ് ഇന്ത്യക്ക് തിരികെ കിട്ടിയത്. തിരികെ കിട്ടിയ 235 പുരാവസ്തുക്കളും അമേരിക്കയിൽ തടവിൽ കഴിയുന്ന ആർട് ഡീലർ സുഭാഷ് കപൂറിൽ നിന്ന് കണ്ടെത്തിയതായിരുന്നു. സുഭാഷിന്റെ ഇടപാടുകളുടെ മുകളിൽ കുറേക്കാലമായി അമേരിക്കൻ ഏജൻസികളുടെ കണ്ണുണ്ടായിരുന്നു. ഇന്ത്യക്ക് പുറമെ കമ്പോഡിയ, ഇന്തോനേഷ്യ, മ്യാന്മർ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പുരാവസ്തുക്കൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe