ആപ് കാ ഡൽഹി! ബി.ജെ.പിയെ തൂത്തെറിഞ്ഞ് ആം ആദ്മി പാർട്ടി

news image
Dec 7, 2022, 9:34 am GMT+0000 payyolionline.in

ഡൽഹി: 15 വർഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച് ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ആം ആദ്മിയുടെ തേരോട്ടം. ഏതാനും സീറ്റുകളിലെ ഫലം പുറത്തുവരാനിരിക്കെ ആകെയുള്ള 250 സീറ്റിൽ 136ഉം സ്വന്തമാക്കിയാണ് എ.എ.പി ഭരണം ഉറപ്പിച്ചത്.

2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181ലും വിജയിച്ച ബി.ജെ.പിയെ 101 സീറ്റിൽ ഒതുക്കിയാണ് അരവിന്ദ് കെജ്രിവാളിന്റെ പാർട്ടി മിന്നും വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 48 വാർഡുകൾ മാത്രമാണ് എ.എ.പിക്കൊപ്പമുണ്ടായിരുന്നത്. അതേസമയം, കഴിഞ്ഞ വർഷം 27 സീറ്റുണ്ടായിരുന്ന കോൺഗ്രസ് പാർട്ടി ഇത്തവണ വെറും 10ൽ ഒതുങ്ങി.

ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.126 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ജമാ മസ്ജിദ് വാർഡിൽ എഎപിയുടെ സുൽത്താന അബാദ് വിജയിച്ചു. എ.എ.പി സ്ഥാനാർഥിയായ സരിക ചൗധരി ദര്യഗഞ്ച് സീറ്റിൽ കോൺഗ്രസിന്റെ ഫർഹാദ് സൂരിയെ 244 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ലക്ഷ്മി നഗറിൽ ബിജെപിയുടെ അൽക്ക രാഘവ് 3,819 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ രോഹിണി ഡി വാർഡിൽ പാർട്ടിയുടെ സ്മിതയും വിജയിച്ചു. ആം ആദ്മി പാർട്ടിയുടെ അങ്കുഷ് നാരംഗ് രഞ്ജീത് നഗർ മണ്ഡലത്തിൽ വിജയിച്ചു.

 

നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയും എ.എ.പി.യും 250 വാർഡുകളിലും തങ്ങളുടെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസിന് 247 സ്ഥാനാർഥികളും ബഹുജൻ സമാജ് പാർട്ടിക്ക് 132 സ്ഥാനാർഥികളുമാണുള്ളത്.

ഡിസംബർ 4 ന് നടന്ന തെരഞ്ഞെടുപ്പിൽ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടുമെന്ന് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരുന്നു. 149 മുതൽ 171 വാർഡ് വരെ എ.എ.പി നേടുമെന്നായിരുന്നു പ്രവചനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe