ആനകളും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്റർ; പൂരം എഴുന്നള്ളത്തിൽ നിർദേശങ്ങളുമായി ഹൈക്കോടതി

news image
Apr 15, 2024, 12:16 pm GMT+0000 payyolionline.in

കൊച്ചി: തൃശൂർ പൂരം എഴുന്നള്ളത്തിൽ നിയന്ത്രണങ്ങളുമായി ഹൈക്കോടതി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർ‍ദേശിച്ചു. ഈ ദൂരത്ത് തീവെട്ടിയോ ചെണ്ടമേളമോ പടക്കങ്ങളോ പാടില്ലെന്നും ഇക്കാര്യങ്ങൾ നിർബന്ധമായി പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കുടമാറ്റത്തിന് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

ആനകളുടെ ഫിറ്റ്‌നസ് സാക്ഷ്യപ്പെടുത്തുമ്പോൾ കൃത്യമായ നടപടിക്രമം പാലിക്കണമെന്നു പറഞ്ഞ കോടതി ഫിറ്റ്നസ് പരിശോധന നിരീക്ഷിക്കുന്നതിന് രണ്ട് അഭിഭാഷകരെയും ചുമതലപ്പെടുത്തി. 18ന് നടക്കുന്ന ഫിറ്റ്നസ് പരിശോധനയ്ക്ക് അഭിഭാഷകർ പങ്കെടുത്ത് റിപ്പോർട്ട് കോടതിക്ക് നൽകണമെന്നും നിർദേശമുണ്ട്.

 

ആനകൾക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉറപ്പുവരുത്തിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാൽ ഉത്തരവാദിത്വം ചീഫ് വൈൽഡ് ലൈഫ് വാർഡനായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം 19നാണ് തൃശൂർ പൂരം. 100 ആനകളെയാണ് പൂരത്തിന് എഴുന്നള്ളിക്കുക. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പൂരസ്ഥലത്ത് ഉണ്ടായിരിക്കണമെന്നും കോടരി നിർദേശിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe