തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമായേക്കും. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. ഒക്ടോബർ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിലെ യെല്ലോ അലർട്ടുകളും പുതുക്കിയിട്ടുണ്ട്. ഇന്ന് ഏറ്റവും ഒടുവിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയാകട്ടെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
അറബിക്കടലിലെ ന്യൂനമർദ്ദ സാധ്യത ഇപ്രകാരം
തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബർ 17 – ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒക്ടോബർ 14 മുതൽ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.