പയ്യോളി-തിക്കോടി ദേശീയപാതയോരത്തെ ആറ് കടകളിൽ മോഷണം; നഷ്ടപ്പെട്ടത് രണ്ട് ലക്ഷം രൂപ

news image
Oct 2, 2022, 7:07 am GMT+0000 payyolionline.in

പയ്യോളി: തിക്കോടി, അയനിക്കാട് ദേശീയപാതയോരത്തെ ആറ് കടകളിൽ പരക്കെ മോഷണം . വിവിധ കടകളിൽ നിന്നായി രണ്ട് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ദേശീയപാതയിൽ അയനിക്കാടിനും ഇരിങ്ങലിനുമിടയിലുള്ള എഫ്. കെ. ബ്രാൻഡ് ഇലക്ട്രോണിക്സ് ആൻ്റ് ഹോം അപ്ലയൻസസ് കടയുടെ ഷട്ടറിൻ്റെ പൂട്ടും ഗ്ലാസും തകർത്താണ് മോഷണം നടത്തിയത്.

കടയിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. കൂടാതെ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും തകർത്ത ശേഷം സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണുള്ളത്.
ശനിയാഴ്ച പുലർച്ചെ 3.15 ഓടെയാണ് കവർച്ച നടന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. മോഷണത്തിന് ഉപയോഗിച്ച കമ്പിയും പ്ലെയറും കടയുടെ പുറത്ത് ഉപേഷിച്ചതായി കണ്ടെത്തിയുട്ടുണ്ട്.

ഇതേ കെട്ടിടത്തിൽ സമീപത്തുള്ള വാഹനപുക പരിശോധന കേന്ദ്രത്തിൻ്റെ പൂട്ട് തകർത്ത മോഷ്ടാക്കൾ അകത്ത് കയറി 1500 രൂപ കവർന്നിട്ടുണ്ട്. കെട്ടിടത്തിലെ മറ്റൊരു സ്ഥാപനമായ
പ്രവർത്തിക്കാതെ അടച്ചിട്ടിരുന്ന ഫെയ്മസ് ബേക്കറിയിലും മോഷ്ടാക്കൾ കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. അയനിക്കാട് പോസ്റ്റാഫീസിന് സമീപത്തെ പ്ലാസ ഹോട്ടലിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ രണ്ട് ക്യാമറകൾ തകർത്ത ശേഷം പാലിയറ്റീവ് കേന്ദ്രത്തിൻ്റെ പണമടങ്ങിയ സംഭാവന പെട്ടി കൊണ്ടുപോയി .

തിക്കോടി ടൗണിലെ എ.ബി.എസ്. സൂപ്പർ മാർക്കറ്റിൽ നിന്ന് അമ്പത്തിയഞ്ചായിരത്തോളം രൂപയും , നിരവധി ഭക്ഷ്യസാധനങ്ങളും കളവ് പോയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 5.15 ഓടെയാണ് ഇവിടെ കവർച്ച നടത്തിയതായി സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണുന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയതായി ദൃശ്യങ്ങളിൽ വ്യക്തമാവുന്നത് .
തിക്കോടി മീത്തലെപള്ളിക്ക് സമീപം ദേശീയ പാതയോരത്തെ പള്ളിത്താഴെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള തട്ടുകട തകർത്ത് മൂവായിരം രൂപ കവർന്നിട്ടുണ്ട്. പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe