അഫ്ഗാനിസ്ഥിൽ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ ആക്രമണം; 20പേർ കൊല്ലപ്പെട്ടു

news image
Jan 11, 2023, 4:50 pm GMT+0000 payyolionline.in

കാബൂൾ: അഫ്ഗാനിസ്ഥിൽ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ ആക്രമണം. കാബൂളിലെ വിദേശ മന്ത്രാലയത്തിന് സമീപത്തുനടന്ന സ്ഫോടനത്തിൽ 20പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിദേശകാര്യ മന്ത്രാലയത്തിൽ അതിക്രമിച്ചുകടക്കാനായിരുന്നു അക്രമിയുടെ പദ്ധതിയെന്ന് താലിബാൻ സർക്കാരിലെ വാർത്താ വിനിമയ മന്ത്രാലയം വക്താവ് ഉസ്താദ് ഫരീദുൻ അറിയിച്ചു. നീക്കം പരാജയപ്പെട്ടതോടെ മന്ത്രാലയത്തിനു പുറത്ത് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശിക സമയം വൈകീട്ട് നാലിനായിരുന്നു ഭീകരാക്രമണം. ചൈനീസ് പ്രതിനിധി സംഘം താലിബാൻ നേതാക്കളുമായി ചർച്ച നടത്തുന്ന സമയത്താണ് ആക്രമണമെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്ത് വൻസുരക്ഷാസന്നാഹം ഒരുക്കിയതായി കാബൂൾ പൊലീസ് തലവന്റെ വക്താവ് ഖാലിദ് സദ്‌റാൻ പറഞ്ഞു.ആയുധധാരിയായ ഭീകരൻ മന്ത്രാലയത്തിനു പുറത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാധ്യമപ്രവർത്തകർ അടക്കം സ്ഥലത്തുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം എട്ട് ഐഎസ് ഭീകരരെ കൊലപ്പെടുത്തിയതായി താലിബാൻ അറിയിച്ചിരുന്നു. ഐഎസിന്റെ ഒളിത്താവളങ്ങൾ റെയ്ഡ് ചെയ്യുകയും എട്ട് ഐസിസ് ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തെന്ന് താലിബാൻ ഔദ്യോ​ഗികമായി അറിയിച്ചു. ബുധനാഴ്ച കാബൂളിലും പടിഞ്ഞാറൻ നിംറോസ് പ്രവിശ്യയിലും റെയ്ഡ് നടത്തിയതായി താലിബാൻ വക്താവ് സബിജുള്ള മുജാഹിദ് പറഞ്ഞു. കാബൂൾ ഹോട്ടൽ ആക്രമണം, പാകിസ്ഥാൻ എംബസി ആക്രമണം, വ്യോമതാവള ആക്രമണം തുടങ്ങിയ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് മുജാഹിദ് പറഞ്ഞു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഭീകരാക്രമണം നടന്നത്.

കൊല്ലപ്പെട്ട എട്ട് പേർക്ക് പുറമേ, താലിബാൻ ഭരണകൂടം ഒമ്പത് ഐഎസ് ഐഎസ് ഉദ്യോഗസ്ഥരെയും റെയ്ഡുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൊല്ലപ്പെട്ടവരിൽ വിദേശ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് മുജാഹിദ് കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe