ഇടുക്കിയിലെ അനുമോൾ കൊലപാതകം : മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

news image
Mar 22, 2023, 8:53 am GMT+0000 payyolionline.in

തൊടുപുഴ: കാഞ്ചിയാറിൽ പ്രീപ്രൈമറി അധ്യാപിക അനുമോൾ (വത്സമ്മ) കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനെ തിരഞ്ഞ് പൊലീസ്. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി കട്ടപ്പന ഡിവൈ.എസ്പി അറിയിച്ചു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കാഞ്ചിയാർ വട്ടമുകുളേൽ ബിജേഷിന്റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ ജഡം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. അനുമോളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തിൽ തന്നെയാണ് പൊലീസ്. ബിജേഷിനെ ഉടൻ പിടികൂടുമെന്നും എങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാകാനൂവെന്നും കട്ടപ്പന ഡിവൈ.എസ് പിവി എ നിഷാദ്മോൻ പറഞ്ഞു. ജഡം പൂർണ്ണമായി അഴുകിയതിനാൽ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല.

അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന ബിജേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെന്ന വാർത്ത വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി സബ്കളക്ടർ അരുൺ എസ് നായരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. ഡോഗ് സ്ക്വാഡും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

സ്കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കം പൂർത്തിയാക്കി പരിപാടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അനുമോളെ കാണാതാകുന്നത്. ആഘോഷത്തിന്റെ മുന്നൊരുക്കമെല്ലാം പൂർത്തിയാക്കി വീട്ടിലെത്തിയ അനുമോളെ പിന്നീട് കാണാതാകുകയായിരുന്നു. വാർഷികാഘോഷത്തിനും അനുമോൾ എത്തിയില്ല. ഭർത്താവ് ബിജേഷ് തന്നെയാണ് ഇക്കാര്യം അനുമോളുടെ വീട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചത്. ഒടുവിൽ അനുമോളെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിന് പരാതിയും നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe