അദാനിയുടെ ഓഹരികളിൽ ഇടിവ് തുടരുന്നു; ബാങ്കുകളിൽ നിന്നും വായ്പാ വിവരങ്ങൾ തേടി ആര്‍ബിഐ

news image
Feb 2, 2023, 3:29 pm GMT+0000 payyolionline.in

മുംബൈ: അദാനി ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധി കൂടുതൽ രൂക്ഷമാവുന്നു. ഓഹരികൾക്കൊപ്പം അദാനിയുടെ  കടപത്രങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ വിലയിടിഞ്ഞു. വായ്പയ്ക്ക് ഈടായി അദാനിയിൽ നിന്ന് ഓഹരികൾ സ്വീകരിക്കുന്നത് ബാങ്കുകളും നിർത്തിത്തുടങ്ങി. ഓഹരിവിപണിയിൽ ഇന്നും കൂപ്പുകുത്തി വീണതോടെ അദാനിയുടെ ഓഹരി മൂല്യത്തിൽ ഒരാഴ്ചയുണ്ടായ ഇടിവ് എട്ടര ലക്ഷം കോടി രൂപ കടന്നു.

ഒരു വശത്ത് അദാനിയുടെ ഓഹരികൾ നിലയില്ലാതെ താഴേക്ക് വീണ് കൊണ്ടിരിക്കുന്നു. പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ വലയുമ്പോഴാണ് അന്താരാഷ്ട്ര വിപണിയിൽ അദാനിയുടെ കടപ്പത്രങ്ങളും തകർച്ച നേരിടുന്നത്. അദാനിഗ്രൂപ്പ് കമ്പനികളുടെ കടപ്പത്രങ്ങള്‍ പണയമായി സ്വീകരിച്ച് വായ്പനല്‍കേണ്ടെന്ന സ്വിസ് ബാങ്കിങ് ഗ്രൂപ്പായ ക്രെഡിറ്റ് സ്യൂസിയുടെ തീരുമാനം വന്നതിന് പിന്നാലെയാണ് ഈ വീഴ്ചയുടെ വേഗം കൂടിയത്. അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി എന്നിവയുടെ കടപ്പത്രങ്ങൾക്കാണ് വൻ വിലയിടിവുണ്ടായത. ഓഹരി ഈടായി വാങ്ങി അദാനിക്ക് ഇനി വായ്പയില്ലെന്ന് സിറ്റി ഗ്രൂപ്പ് പറയുന്നു.

ഓഹരി മൂല്യം ഇടിഞ്ഞതിനാൽ കൂടുതൽ ഓഹരി ഈടായി ചോദിക്കുകയാണ് ബാർക്ലെയ്സ് ബാങ്ക്.  അതിനിടെ അദാനിക്ക് നൽകിയ വായ്പാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇന്ത്യൻ ബാങ്കുകളോട് ആർബിഐ ആവശ്യപ്പെട്ടെന്ന വിവരവും ഇന്ന് പുറത്ത് വന്നു. തുടർ ഓഹരി വിൽപന റദ്ദാക്കി നിക്ഷേപക താത്പര്യങ്ങൾക്കൊപ്പമെന്ന് ഗൗതം അദാനി പറയുമ്പോഴും അദാനി എന്‍റെർപ്രൈസസിന്‍റെ ഓഹരി വില ഇന്നും 26 ശതമാനത്തിലേറെ താഴ്ന്നു. 100 ബില്യൺ ഡോളറിലേറെയാണ് ഹിൻഡൻബെർഗ് റിസർച്ച് റിപ്പോർട്ടിന് പിന്നാലെ അദാനിക്കുണ്ടായ നഷ്ടം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe