കൊച്ചി: അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ഡേ കെയർ സെന്റർ തുടങ്ങുമെന്ന് മന്ത്രി പി. രാജീവ്. സ്‌കൂൾ അവധി ദിവസങ്ങളിലും സ്‌കൂൾ സമയം കഴിഞ്ഞും പ്രവര്‍ത്തിക്കുന്ന തരത്തില്‍ സംവിധാനം ആരംഭിക്കുന്നത് ആലോചനയിലാണെന്നും മന്ത്രി വ്യക്തമാക്കി. ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് സർക്കാരിന്റെ ധനസഹായമായ 10 ലക്ഷം രൂപ കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേസില്‍ കുറ്റമറ്റ രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. ഇന്നലെ മന്ത്രിസഭാ യോഗം കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ചിരുന്നു. 10 ലക്ഷം രൂപ കുടുംബത്തിന്റെ ജോയിന്റ് അക്കൗണ്ടിലേക്ക് നൽകാനായിരുന്നു തീരുമാനം. ആ തുകയാണിപ്പോള്‍ കൈമാറിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്കായി പൊലീസ് ക്ലിയറൻസ് സംവിധാനം നടപ്പാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണ്. ഇവർ താമസിക്കുന്ന സ്ഥലങ്ങൾ തദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണം. ഇക്കാര്യം പാലിക്കുന്നണ്ടോ എന്ന് പരിശോധിക്കണം. ലേബർ ക്യാമ്പ് ശരിയായ രീതിയിലാണോയെന്നും പരിശോധിക്കുമെന്നുും മന്ത്രി രാജീവ് പറഞ്ഞു.