അച്ഛന്റെ മരണശേഷം മനസിൽ ആത്മഹത്യ ചിന്തകൾ നിറഞ്ഞു; അന്ന് തുണയായത് രാഹുൽ ഗാന്ധി -മനസ് തുറന്ന് നടി ദിവ്യ സ്പന്ദന

news image
Mar 30, 2023, 2:28 pm GMT+0000 payyolionline.in

അച്ഛന്റെ മരണശേഷം മനസിൽ ആത്മഹത്യ ചിന്തകൾ നിറഞ്ഞപ്പോൾ കൈത്താങ്ങായത് രാഹുൽ ഗാന്ധിയെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ നടിയും മുൻ എം.പിയുമായ ദിവ്യ സ്പന്ദന. സിനിമകളിൽ നിന്ന് ഇടവേളയെടുത്ത ദിവ്യ രാഷ്ട്രീയത്തിലും ഒരു കൈനോക്കിയിരുന്നു. കോൺഗ്രസിന്റെ സമൂഹ മാധ്യമങ്ങളിലെ ശക്തമായ സാന്നിധ്യവുമായിരുന്നു. അച്ഛന്റെ മരണശേഷം മനസിൽ ആത്മഹത്യ ചിന്തകൾ നിറഞ്ഞപ്പോൾ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് രാഹുൽ ഗാന്ധിയാണെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ താരം. വീക്കെന്‍ഡ് വിത്ത് രമേഷ് സീസണ്‍ 5ലായിരുന്നു ദിവ്യ മനസു തുറന്നത്.

”അച്ഛൻ മരിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞാൻ പാർലമെന്റിലെത്തി. ആരെയും എനിക്കറിയില്ല. എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചും ധാരണയുണ്ടായിരുന്നില്ല. പാർലമെന്റ് നടപടികളെ കുറിച്ചു പോലും അറിവുണ്ടായിരുന്നില്ല അന്ന്”-ദിവ്യ പറഞ്ഞു.

” അച്ഛന്‍ ആർ.ടി. നാരായണ്‍ മരിച്ച സമയമായിരുന്നു ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിയേറിയ ഘട്ടം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്റെ അമ്മയാണ്, അടുത്തത് എന്റെ അച്ഛനാണ്, മൂന്നാമത്തേത് രാഹുല്‍ ഗാന്ധിയാണ്. അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. എന്റെ ജീവിതം അവസാനിപ്പിക്കാന്‍ വരെ ഞാന്‍ ആലോചിച്ചു. തെരഞ്ഞെടുപ്പിലും ഞാന്‍ തോറ്റിരുന്നു. സങ്കടത്തിന്റെ ഒരു കാലഘട്ടമായിരുന്നു അത്. ആ സമയത്ത് രാഹുല്‍ ഗാന്ധി എന്നെ സഹായിക്കുകയും വൈകാരികമായി പിന്തുണയ്ക്കുകയും ചെയ്തു”-ദിവ്യ പറഞ്ഞു. 2012ലാണ് രമ്യ എന്നറിയപ്പെടുന്ന ദിവ്യ സ്പന്ദന യൂത്ത് കോൺഗ്രസിൽ ചേർന്നത്. കർണാടകയിലെ മാണ്ഡ്യയെ പ്രതിനിധീകരിച്ച് 2013ൽ ലോക്സഭയിലെത്തി. തൊട്ടടുത്ത വർഷം പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു രമ്യ എന്ന് അറിയപ്പെടുന്ന ദിവ്യ സ്പന്ദനയുടെ കോണ്‍ഗ്രസ് പ്രവേശനം. രാഷ്ട്രീയം ഉപേക്ഷിച്ച ദിവ്യ സിനിമയിലേക്ക് തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe