സർക്കാരാശുപത്രികളിൽ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു; ഗുരുതര കണ്ടെത്തലുമായി സിഎജി

news image
Oct 21, 2023, 4:07 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് 26 സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി സിഎജി റിപ്പോര്‍ട്ട്. വിതരണം മരവിപ്പിച്ച നാല് കോടിയോളം രൂപയുടെ മരുന്നുകളാണ് 2016 മുതല്‍ 2022 വരെ ആശുപത്രികളില്‍ എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുരുതരമായ അനാസ്ഥ കാണിച്ചതായും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോര്‍ട്ടിലുണ്ട്.

നിലവാരമില്ലാത്തതിനാൽ വിതരണം മരവിപ്പിച്ച 3.75 കോടി രൂപയുടെ മരുന്നുകൾ 483 ആശുപത്രികളിലും വിതരണം നിർത്തിവയ്ക്കാൻ ഉത്തരവിട്ട 11.69 ലക്ഷത്തിന്‍റെ മരുന്നുകൾ 148 ആശുപത്രികളിലും രോഗികൾക്ക് നൽകിയെന്നാണ് കണ്ടെത്തല്‍. കാലാവധി കഴിഞ്ഞ മരുന്നുകളിൽ രാസമാറ്റം സംഭവിക്കുമെന്നതിനാൽ രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതാണ് കെഎംഎസ്‌സിഎല്ലിന്‍റെ നടപടിയെന്നും സിഎജി റിപ്പോർട്ടിൽ വിമർശിക്കുന്നു.

ആശുപത്രികളിൽ നിന്ന് ഓരോ വർഷത്തേക്കും ആവശ്യമുള്ള മരുന്നുകളുടെ ഇന്‍റന്‍റ് നൽകുന്നുണ്ടെങ്കിലും അതനുസരിച്ചല്ല കെഎംഎഎസ്‌സിഎൽ മരുന്നു സംഭരിക്കുന്നത്. 2017 മുതൽ 2022 വരെ 4732 ഇനം മരുന്നുകൾക്ക് ആശുപത്രികൾ ഇന്‍റന്‍റ് നൽകിയെങ്കിലും കെഎംഎസ്‌സിഎൽ പൂർണമായും ഓർഡർ നൽകിയത് 536 ഇനങ്ങൾക്കു മാത്രമാണ്. മരുന്നുകള്‍ക്ക് 75% കാലാവധി വേണമെന്നാണ് ചട്ടം. ഇല്ലെങ്കിൽ മരുന്ന് തിരികെ നൽകി കമ്പനിയിൽ നിന്ന് പിഴ ഈടാക്കാം.

പരിശോധനാ കാലയളവിലെ 54,049 ബാച്ച് മരുന്നുകളിൽ 1610 ബാച്ചുകളും 75% ഷെൽഫ് ലൈഫ് ഇല്ലാത്തതായിരുന്നു. കമ്പനികളിൽ നിന്ന് 32.82 കോടി രൂപയുടെ പിഴ ഈടാക്കേണ്ടത് ഒഴിവാക്കിക്കൊടുത്തു. 46 ഇനം മരുന്നുകൾ ഇതേ വരെ ഒരു നിലവാര പരിശോധനയും നടത്തിയിട്ടില്ല. 14 വിതരണക്കാരുടെ ഒറ്റ മരുന്നു പോലും പരിശോധിച്ചിട്ടില്ല. കരട് റിപ്പോർട്ടിനെ ദുർബലമായ വാദങ്ങൾ നിരത്തിയാണ് കെഎംഎസ്‌സിഎൽ ന്യായീകരിക്കാൻ ശ്രമിച്ചത്. ഇത് നിശിതമായ വിമർശനത്തോടെ സിഎജി തള്ളുകയും ചെയ്തു. സ്റ്റോറിലെ ഫാർമസിസ്റ്റുകളുടെ കുറവ്, വൈദ്യുതി തകരാർ, ഇന്‍റര്‍നെറ്റ് തടസം തുടങ്ങിയവയാണ് കെഎംഎസ്‌സിഎൽ നിരത്തിയ ന്യായങ്ങൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe