സ്റ്റാര്‍ട്ടപ്പ് വില്ലെജിന്‍റെ ഉപദേശകസമിതി അംഗം അമെരിക്കന്‍ വാണിജ്യവകുപ്പിന്‍റെ തലപ്പത്ത്

news image
Oct 9, 2013, 2:22 pm IST payyolionline.in
കൊച്ചി: അമെരിക്കയുടെ വാണിജ്യവകുപ്പിന്‍റെ തലപ്പത്തു മലയാളിയായ അരുണ്‍ എം. കുമാര്‍ നിയോഗിക്കപ്പെട്ടതു കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിന്‍റെ വളര്‍ച്ചയ്ക്കു സഹായകമാകുമെന്ന് പ്രതീക്ഷ. കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലെജിന്‍റെ ഉപദേശക സമിതി അംഗമാണിദ്ദേഹം. യുഎസ് ആന്‍ഡ് കൊമേഴ്സ്യല്‍ സര്‍വീസ് ഇന്‍റര്‍നാഷണല്‍ ട്രേഡ് അഡ്മിനിസ്ട്രേഷനില്‍ അസിസ്റ്റന്‍റ് സെക്രട്ടറിയും ഡയറക്റ്റര്‍ ജനറലുമായാണ് അരുണ്‍കുമാറിനെ അമെരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ വെള്ളിയാഴ്ച നാമനിര്‍ദേശം ചെയ്തത്. നിയമനത്തെ സ്റ്റാര്‍ട്ടപ് വില്ലെജ് സ്വാഗതം ചെയ്തു.

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗവും പാര്‍ട്ണറുമാണ് അരുണ്‍കുമാര്‍. 2012 ഏപ്രിലില്‍ ഇന്ത്യയിലെ ആദ്യ ടെലികോം ബിസിനസ് ഇന്‍കുബേറ്ററായ സ്റ്റാര്‍ട്ടപ്പ് വില്ലെജ് തുടങ്ങിയപ്പോള്‍ മുതല്‍ ഇദ്ദേഹം ഉപദേശക സമിതി അംഗമാണ്. ഇന്‍ഫോസിസിന്‍റെ ക്രിസ് ഗോപാലകൃഷ്ണന്‍, ശാസ്ത്ര സാങ്കേതിക വകുപ്പിലെ ഡോ. എച്ച്.കെ. മിത്തല്‍, നാസ്കോം മുന്‍ പ്രസിഡന്‍റ് കിരണ്‍ കാര്‍ണിക് എന്നിവരാണ് ഉപദേശകസമിതിയിലെ മറ്റംഗങ്ങള്‍.

സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ഥിസംരഭക നയം പ്രഖ്യാപിച്ച എമെര്‍ജിങ് കേരള ആഗോള സംഗമത്തില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ യുവ സംരംഭകരെ സിലിക്കണ്‍ വാലിയുമായി ബന്ധിപ്പിക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് അരുണ്‍ കുമാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ പിന്തുണയും ഉപദേശവും തങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായതായി സ്റ്റാര്‍ട്ടപ്പ് വില്ലെജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. അരുണ്‍കുമാറുമായുള്ള ബന്ധം വളരെ അഭിമാനകരമാണെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലെജ് സിഇഒ സിജോ കുരുവിള ജോര്‍ജ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe