സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ നിയമനം; വാളയാർ കേസ് വീണ്ടും അട്ടിമറിക്കാൻ ശ്രമമെന്ന് സമരസമിതി

news image
Nov 25, 2022, 12:05 pm GMT+0000 payyolionline.in

പാലക്കാട്: സി ബി ഐ പ്രോസിക്യൂട്ടർ അഡ്വ.അനൂപ്. കെ ആന്‍റണിയെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചതിലൂടെ വാളയാർ കേസ് വീണ്ടും അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരസമിതി ആരോപിച്ചു.  2021 ഡിസം 29 -ന് ആദ്യ സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻമേൽ നിരവധി തവണ കോടതി നടപടികൾ ഉണ്ടായിട്ടും ഹാജരാകാതിരുന്ന പ്രോസിക്യൂട്ടർ, ഒടുവില്‍ കോടതി നിർബന്ധപൂർവം വിളിച്ച് വരുത്തിയപ്പോഴാണ് ഹാജരാകാൻ തയ്യാറായത്.

കുട്ടികൾ അപമാനഭാരത്താൽ ആത്മഹത്യ ചെയ്തുവെന്ന ക്രൈം ബ്രാഞ്ചിന്‍റെ റിപ്പോർട്ട് തന്നെയാണ് സിബിഐക്ക് വേണ്ടി പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കിയത്. കോടതി തന്നെ പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് എന്ന് നിരീക്ഷിച്ച് തള്ളി കളഞ്ഞ ഈ റിപ്പോർട്ട് കൊടുക്കുമ്പോൾ കുട്ടികളുടെ കുടുംബത്തിന് പറയാനുള്ളത് അന്വേഷിക്കാനോ കേൾക്കാനോ പ്രോസിക്യൂട്ടർ തയാറായിട്ടില്ലെന്നും സമരസമിതി ആരോപിച്ചു. അതിനാൽ അഡ്വ.അനൂപ് കെ ആന്‍റണിയില്‍ നിന്ന് ന്യായമായി ലഭിക്കേണ്ട നിയമപരിരക്ഷ കുട്ടികളുടെ കുടുംബത്തിന് ലഭിക്കുകയില്ലെന്നും സമരസമിതി ആരോപിക്കുന്നു.

ഇതേ തുടര്‍ന്നാണ് ഡി.വൈ.എസ്.പി ഉമയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തെ സി.ബി.ഐ അന്വേഷണത്തിന് നിയോഗിച്ചത്. അന്വേഷണത്തിന്‍റെ ആദ്യഘട്ടം തൊട്ടുതന്നെ തനിക്ക് ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് കുട്ടികളുടെ അമ്മ സി.ബി.ഐക്കും, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും നേരിൽ കണ്ട് അപേക്ഷ സമർപ്പിച്ചിരുന്നെന്നും സമരസമിതി ചൂണ്ടിക്കാട്ടി.

ഇത്രയൊക്കെയായിട്ടും കുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന മുൻ അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് അംഗീകരിച്ച സി.ബി.ഐ പ്രോസിക്യൂട്ടർ അഡ്വ.അനൂപ് കെ ആന്‍റണിയെ കേരള സർക്കാർ സ്പെഷ്യൽ പ്രോസ്ഥക്യൂട്ടറായി നിയമിക്കുക വഴി വാളയാർ കേസ് വീണ്ടും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി സംശയിക്കുന്നെന്നും സമരസമിതി ആരോപിച്ചു. കുട്ടികളുടെ കുടുംബത്തിന് കൂടി സ്വീകാര്യനായ ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും സമരസമിതി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe