സോണിയയെ ഇന്നും ചോദ്യം ചെയ്യും; ഇനിയും വിവരങ്ങൾ കിട്ടാനുണ്ടെന്ന് ഇഡി, പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

news image
Jul 27, 2022, 8:15 am IST payyolionline.in

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും. ഏഴ് മണിക്കൂറോളം നേരമാണ് സോണിയ ഗാന്ധിയെ ഇന്നലെ ചോദ്യം ചെയ്തത്. രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്.

 

 

മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് സൂചന. സോണിയയെ ഇഡി ചോദ്യം ചെയ്യുമ്പോള്‍ എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. അന്വേഷണ ഏജന്‍സിയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പാര്‍ലമന്‍റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും. ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്‍റിലും പ്രതിഷേധിക്കാനാണ് തീരുമാനം.

ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ രണ്ടര മണിക്കൂറാണ് നീണ്ടതെങ്കിൽ രണ്ടാം ദിവസം സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത് ആറ് മണിക്കൂർ. രാവിലെ പതിനൊന്ന് മണിയോടെയാണ് ഇഡി ആസ്ഥാനത്ത് സോണിയാ ഗാന്ധി എത്തിയത്.പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനായുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം മൂന്നരയോടെ വീണ്ടും ഇഡി ആസ്ഥാനത്ത്. ആകെ 55 ചോദ്യങ്ങൾ സോണിയ ഗാന്ധിയോട് ഇഡി ചോദിച്ചു. യങ്ങ് ഇന്ത്യ ലിമിറ്റഡിന്‍റെ രൂപീകരണത്തിലേക്ക് നയിച്ച് കാര്യങ്ങളും കമ്പനിയുടെ ഡയറക്ടർ എന്ന നിലയിൽ ബോർഡ് യോഗങ്ങളിൽ എടുത്ത് തീരുമാനങ്ങളെ കുറിച്ചും വിവരങ്ങൾ തേടി. എന്നാൽ മോത്തിലാൽ വോറെയാണ് കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്നും കൂടുതൽ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നും  സോണിയ ഗാന്ധി അറിയിച്ചെന്നാണ് വിവരം. എന്നാൽ പാര്‍ട്ടിയിലെ പ്രധാന അധികാരകേന്ദ്രമായിരുന്ന സോണിയ അറിയാതെ കമ്പനിയിൽ മറ്റു ഇടപാടുകൾ നടക്കില്ലെന്നാണ് ഇഡി പറയുന്നത്. മാത്രമല്ല അസോസിയേറ്റ് ജേർണലിനെ  ഏറ്റെടുക്കുന്നത് മുന്നോടിയായിട്ടുള്ള സാമ്പത്തിക ഇടപാടുകൾ നടന്നത് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണെന്നാണ് ഇഡിയുടെ അനുമാനം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe