മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ചിത്രം വച്ച അവതരിപ്പിക്കുന്ന ടി-ഷർട്ട് വിറ്റതിന് പിന്നാലെ “ബോയ്കോട്ട് ഫ്ലിപ്കാർട്ട്”, “ബോയ്കോട്ട് ആമസോൺ” എന്നീ ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിലെ ട്രെന്റിംഗായി. 2020 ജൂണിലാണ് 34 വയസുകാരനായ സുശാന്ത് സിംഗ് രാജ്പുത്തിനെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫ്ലിപ്പ്കാര്‍ട്ട് ആമസോണ്‍ തുടങ്ങിയ ഇ-കോമേഴ്സ് സൈറ്റുകളിൽ വിൽപ്പനയ്ക്ക് വച്ച ടി-ഷർട്ടുകളിൽ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുഖത്തിനൊപ്പം, “വിഷാദം മുങ്ങിമരിക്കുന്നത് പോലെയാണ്” എന്ന് എഴുതിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. മരണസമയത്ത് നടൻ വിഷാദത്തിലായിരുന്നു എന്നത് വച്ച് നടനെ അപകീർത്തിപ്പെടുത്തുന്നതാണ് ഈ വസ്ത്രം എന്നാണ് സോഷ്യൽ മീഡിയയില്‍ ആരാധകര്‍ പറയുന്നത്.
“ഫ്ലിപ്പ്കാർട്ട്, മരിച്ച ഒരാളെ വീണ്ടും നിങ്ങളുടെ ഉൽപ്പന്നത്തിന്റെ മാർക്കറ്റിംഗിനായി വലിച്ചിഴയ്ക്കുന്നത് തീര്‍ത്തും മോശമാണ്. അവരുടെ കുടുംബാംഗങ്ങളെക്കുറിച്ച് ചിന്തിക്കുക.. ഒരിക്കല്‍ നിങ്ങള്‍ക്കും ഈ ഗതിവരും” – ഒരു ട്വിറ്റര്‍ ഉപയോക്താവ് രൂക്ഷമായി പ്രതികരിച്ചു. “സുശാന്തിന്റെ ദാരുണമായ മരണത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ല. നീതിക്ക് വേണ്ടി ഞങ്ങൾ ശബ്ദമുയർത്തുന്നത് തുടരും…” “ഫ്ലിപ്പ്കാർട്ട് മാപ്പ് പറയണം” എന്ന് ആവശ്യപ്പെട്ടായിരുന്നു മറ്റൊരു ട്വീറ്റ്.
“സുശാന്തിന്റെ മുഖമുള്ള ഒരു ടീ ഷർട്ട് കണ്ടപ്പോൾ എനിക്ക് സന്തോഷമായി. എന്നാൽ പിന്നീടാണ് അതിലെ വരികള്‍ കണ്ടത്. സുശാന്ത് ശരിക്കും വിഷാദത്തിലാണോ ഇല്ലയോ എന്ന് തീരുമാനിക്കാൻ നിങ്ങൾ ആരാണ്? കേസ് ഇപ്പോഴും തീർന്നിട്ടില്ല, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ അന്വേഷണം പരാമർശിച്ച് ഒരു ട്വിറ്റര്‍ ഉപയോക്താവ് ഇ-കോമേഴ്സ് സൈറ്റുകളോട് പറയുന്നു. ഇതേ ടി-ഷർട്ട് ആമസോൺ വെബ്സൈറ്റിലും വിൽപ്പനയ്ക്ക് ലഭ്യമാണ് എന്നറിഞ്ഞതോടെ, “ആമസോൺ ബഹിഷ്കരിക്കുക” എന്ന ട്വീറ്റുകളും ട്വിറ്ററിലും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങി. “സുഹൃത്തുക്കളേ, ആമസോൺ ബഹിഷ്കരിക്കാനുള്ള സമയമാണിത്. ഇത് സുശാന്തിനെതിരെ അയാളുടെ മരണത്തിനെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ്” – ഒരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു. അതേ സമയം പുതിയ വിവാദത്തില്‍ ആമസോണും ഫ്ലിപ്കാർട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ല. മുംബൈ പോലീസ് ആദ്യം അന്വേഷിച്ചിരുന്ന സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ കേസ് ഇപ്പോള്‍ സിബിഐയാണ് അന്വേഷിക്കുന്നത്. ഇതിന് അനുബന്ധമായ കേസുകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവരും അന്വേഷിക്കുന്നുണ്ട്.