സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഓഗസ്റ്റ് പത്തിലേക്ക് മാറ്റി

news image
Aug 5, 2022, 12:34 pm IST payyolionline.in

കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ കോടതി മാറ്റി. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലാണ് സിവിക് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നത്. ഈ മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഇന്ന് വരെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ആക്ടിവിസ്റ്റ് കൂടിയായ യുവ എഴുത്തുകാരിയാണ് പരാതിക്കാരി. കേസിൽ ഇതുവരെ പൊലീസ് റിപ്പോർട്ട് നൽകിയിട്ടില്ല.

സിവികിനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്ക് മതിയായ തെളിവുകൾ ഹാജരാക്കാനായില്ലെന്നും പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചതായി പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് സിവിക്ക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. ദളിതർക്ക് വേണ്ടി പൊതുസമൂഹത്തിൽ സംസ്കാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും ലൈംഗിക വൈകൃത സ്വഭാവമുള്ള സിവികിന് ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe