സിഎസ്ഐ ആസ്ഥാനത്ത് സംഘർഷം; പരിശോധന അവസാനിപ്പിച്ച് ഇഡി സംഘം മടങ്ങി

news image
Jul 25, 2022, 8:58 pm IST payyolionline.in

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് ഇഡി പരിശോധന അവസാനിച്ചു. ഇഡി സംഘം മടങ്ങിയതിന് പിന്നാലെ സ്ഥലത്ത് സംഘർഷം ഉണ്ടായി. ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലായിരുന്നു സംഘർഷം. ബിഷപ്പ് അനുകൂലികൾ ബിഷപ്പിന് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിച്ചു. പ്രതികൂലിക്കുന്നവർ ബിഷപ്പിനെതിരെ കൂകിവിളിച്ചു.

സഭാ ആസ്ഥാനത്തെ ഇഡി പരിശോധന 13 മണിക്കൂർ നീണ്ടു നിന്നു. സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബിഷപ്പ് യുകെയിലേക്ക് പോകുമെന്ന് സഭാ പ്രതിനിധികൾ അറിയിച്ചു. ബിഷപ്പ് ധർമരാജ് റസാലത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിട്ടില്ലെന്നും മറ്റ് രേഖകൾ ആവശ്യപ്പെട്ടിട്ടില്ല. പരാതി കെട്ടിച്ചമച്ചതെന്ന് എൻഫോഴ്സ്മെന്റ് സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നും പാസ്റ്ററൽ ബോഡി സെക്രട്ടറി ഫാ ജയരാജ് പ്രതികരിച്ചു.

പരിശോധനയുമായി ബന്ധപ്പെട്ട് ബിഷപ്പിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ബിഷപ്പ് ഹൗസിലും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കൽ കോളേജിലും കോളേജ് ഡയറക്ടറുടെ വീട്ടിലും രാവിലെ മുതലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം പരിശോധന തുടങ്ങിയത്. സഭാ സെക്രട്ടറി പ്രവീൺ ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തും മുമ്പേ തിരുവനന്തപുരം വിട്ടു.

കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശ നാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നും അടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.  പുലർച്ചയോടെ നാല് സ്ഥലങ്ങളിൽ ഇഡി സംഘമെത്തി. ബിഷപ്പിന്റെ ആസ്ഥാനമായ പാളയത്തെ എൽ എം എസിലും, കാരക്കോണം മെഡിക്കൽ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സി എസ് ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലുമാണ് ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്.

ഇഡി സംഘമെത്തുമ്പോൾ ബിഷപ്പ് ധർമരാജ് റസാലം സഭാ ആസ്ഥാനത്തുണ്ടായിരുന്നു. സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കിടെയായിരുന്നു പരിശോധന. എന്നാൽ സഭാ സെക്രട്ടറി പ്രവീണും കുടുംബവും ഇന്നലെ രാത്രി തന്നെ തിരുവനന്തപുരം വിട്ടെന്നാണ് വിവരം. ഇയാൾ ചെന്നൈയിലേക്കോ, വിദേശത്തേക്കോ കടന്നിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്.

സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബിഷപ്പ് ഇന്ന് യുകെയിലേക്ക് പോകാനായിരിക്കെയാണ് ഇഡിയുടെ അപ്രതീക്ഷിത നീക്കം. കേസിൽ ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവർ ഹാജരായിരുന്നില്ല. വ്യാജ വൗച്ചറിലൂടെ സഭാ സ്ഥാപനങ്ങളിൽ ബിഷപ്പും കൂട്ടരും  പണം തിരിമറി നടത്തിയെന്നും ആരോപണമുണ്ട്. നേരത്തെ ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സഭാംഗമായ  മോഹനൻ വി.ടി. ഹൈക്കോടതിയെ സമീപിച്ചു. ഇതിന് മറുപടിയായാണ്, തലവരിപ്പണം വാങ്ങി പറ്റിച്ചെന്ന പരാതിയിൽ വെള്ളറട പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ, അന്വേഷണം ഏറ്റെടുത്തതായി ഇഡി കോടതിയെ അറിയിച്ചത്.

അതേസമയം എല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും സത്യാവസ്ഥ പുറത്തുവരട്ടെ എന്നും സഭാ വക്താവ് പ്രതികരിച്ചു. സെക്രട്ടറി പ്രവീൺ എവിടെയാണുള്ളതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയെ തകർക്കാൻ ഒരു വിഭാഗം നടത്തുന്ന ശ്രമമാണ് ഈ അന്വേഷണത്തിന് പിന്നിലെന്നും ഫാദർ സി.ആർ.ഗോഡ്‍വിൻ ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe