സഹോദരിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ പൊലീസ് വെടിവെച്ചു

news image
Jun 28, 2022, 10:50 am IST payyolionline.in

ചണ്ഡീഗഡ്: സഹോദരിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനു നേരെ പൊലീസ് വെടിവെച്ചു. പഞ്ചാബിലെ ദേര ബസിയിലാണ് സംഭവം. കഴിഞ്ഞ ദിവസം നൈറ്റ് പട്രോളിങ്ങിനിടെയാണ് ഹിതേഷ് എന്ന 26 കാരന് പൊലീസിന്റെ വെടിയേറ്റത്. ഹിതേഷിന്റെ സഹോദരിയും ഭർത്താവും സ്കൂട്ടറിൽ സഞ്ചരിക്കവെ നൈറ്റ് പട്രോളിങ് നടത്തുന്ന പൊലീസുകാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു.

തങ്ങൾ ഭാര്യാഭർത്താക്കൻമാരാണെന്ന് പൊലീസ് വിശ്വസിച്ചില്ലെന്നും ഭാര്യയുടെ ബാഗ് പരിശോധിക്കണന്നെ് ആവശ്യപ്പെട്ടെന്നും ഹിതേഷിന്റെ സഹോദരി ഭർത്താവ് അക്ഷയ് പറഞ്ഞു. തന്റെ ഭാര്യ ഭയന്നാണ് ഹിതേഷിനെ വിളിച്ചത്. ഹിതേഷ് സ്ഥലത്തെത്തി​ പൊലീസുമായി തർക്കമുണ്ടായി.

അതി​നിടെ പൊലീസ് ഉദ്യോഗസ്ഥർ വൈരാഗ്യം തീർക്കാൻ ഹിതേഷിന്റെ തുടയിൽ വെടിവെക്കുകയായിരുന്നു. വെടിയുണ്ട തുട തുളച്ച് പുറത്തുപോയി. ഹിതേഷിനെ ചണ്ഡീഗഡ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അക്ഷയ് പറഞ്ഞു.

എന്നാൽ പട്രോളിങ്ങിനിടെ കണ്ട ദമ്പതികളോട് വിവരം തിരക്കുന്നതിനിടെ അവർ തങ്ങളോട് തർക്കത്തിലേർപ്പെടുകയും ഇവരുടെ സുഹൃത്തുക്കളെത്തി ഉപദ്രവിക്കുകയും യൂനിഫോം കീറാൻ ശ്രമിക്കുകയും ചെയ്തു. അതിനിടെ രക്ഷപ്പെടാനാണ് സബ് ഇൻസ്‍പെക്ടർ വെടിയുതിർത്തതെന്ന് പട്രോളിങ് സംഘത്തിലുണ്ടായിരുന്ന പൊലീസുകാരൻ പറഞ്ഞു.

അതേസമയം, സംഭവത്തിൽ പ്രതിയായ പൊലീസ് സബ് ഇൻസ്‍പെക്ടറെ സസ്‍പെൻഡ് ചെയ്തു. തങ്ങൾക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടൻ അന്വേഷണം ആരംഭിക്കുമെന്നും മൊഹാലി എസ്.എസ്.പി വിവേക് സോണി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe