ആറാട്ട് എന്ന സിനിമയുടെ റിവ്യു പറഞ്ഞ് ശ്രദ്ധപിടിച്ചു പറ്റിയ വ്യക്തിയാണ് സന്തോഷ് വർക്കി. ഏതാനും ദിവസങ്ങൾക്ക് മുൻപ് സിനിമ കാണാതെ റിവ്യു പറഞ്ഞതിന്റെ പേരിൽ സന്തോഷിനെ ചിലർ കയ്യേറ്റം ചെയ്തിരുന്നു. ‘വിത്തിന് സെക്കന്‍ഡ്സ്’ എന്ന സിനിമയുടെ റിലീസ് വേളയിലായിരുന്നു സംഭവം. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറും നടനുമായ എൻ എം ബാദുഷ.
സന്തോഷ് വർക്കിയെ കൈകാര്യം ചെയ്തതിൽ സന്തോഷമുണ്ടെന്നും സിനിമയുടെ പിന്നിലെ വിഷമം ഇത്തരക്കാർ മനസിലാക്കണമെന്നും ബാദുഷ പറഞ്ഞു. സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരുടെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
“ആ സംഭവത്തിൽ ശരിക്കും പറഞ്ഞാൽ ഭയങ്കര സന്തോഷം ഉണ്ട്. കാരണം അങ്ങനെ ചെയ്യാൻ പാടില്ല ഇവർ. അയാളെ പറ്റി എനിക്ക് നല്ലവണ്ണം അറിയാം. ഇയാളൊക്കെ ആൾക്കാരുടെ കയ്യിൽ നിന്നും പൈസയും വാങ്ങുന്നുണ്ട്. പൈസ കൊടുക്കുന്നവർക്ക് നല്ലതും അല്ലാത്തവർക്ക് മോശം റിവ്യുവും പറയുന്നുണ്ട്. പത്ത് മിനിറ്റാണ് താൻ സിനിമ കണ്ടതെന്ന് അയാള്‍ തന്നെ പറയുന്നുണ്ട്. ഈ സമയം കൊണ്ട് സിനിമയെ വിശകലനം ചെയ്തതെങ്കിൽ, അയാൾ എന്തിന്റെ അടിസ്ഥാനത്തിലാകും റിവ്യു പറഞ്ഞത് ?. സിനിമയ്ക്ക് പിന്നിലെ വിഷമം ഇവർ ആദ്യം മനസിലാക്കണം. എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് അവർക്ക് പറയാം. നിങ്ങൾ കാണണ്ടാട്ടോ എന്ന് പറഞ്ഞ് പോയാൽ ഓക്കെ. ഇതങ്ങനെയല്ല. സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരുടെ ഇഷ്ടമാണ്”, എന്നാണ് എൻ എം ബാദുഷ പറഞ്ഞത്.
ജൂൺ രണ്ടിനാണ് ഒരുകൂട്ടം ആളുകൾ സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്തത്. സന്തോഷ് വര്‍ക്കിയെ തങ്ങളുടെ ഭാഗത്ത് നിന്നും ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ‘വിത്തിന് സെക്കന്‍ഡ്സ്’ നിർമാതാവ് സംഗീത് ധര്മരാജന് പറഞ്ഞു. സിനിമ കാണാതെ അഭിപ്രായം പറഞ്ഞതിനെ ചോദ്യം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും കയ്യേറ്റം ചെയ്തത് പുത്തുനിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.