കൊയിലാണ്ടി: സിപിഐഎം നേതാവ് പി.വി. സത്യനാഥ് വധക്കേസിലെ പ്രതി അഭിലാഷിനെ 6 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അജികൃഷ്ണയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. അന്വേഷണസംഘം ഇന്നലെയാണ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയത്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരായ പേരാമ്പ്ര ഡി.വൈ.എസ്.പി. ബിജു, ഇൻസ്പെക്ടർ മെൽവിൽ ജോസ്, എസ്.ഐമാരായ മനോജ്, പ്രദീപ് കുമാർ, എ.എസ്.ഐ കെ. പി ഗിരീഷ് കുമാർ, എസ്.സി.പിഒ. ഒ.കെ. സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയൊരുക്കിയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.
ഫിബ്രവരി 22നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്രമഹോത്സവത്തിൻ്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയാണ് സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥിനെ ക്ഷേത്രത്തിൽ വെച്ച് പ്രതി അഭിലാഷ് കത്തികൊണ്ട് കുത്തി വീഴ്ത്തിയത്. 6 കുത്തുകളേറ്റ പിവി സത്യൻ ആശുപത്രിയിൽ എത്തുംമുമ്പേ രക്തം വാർന്ന് മരിച്ചിരുന്നു. കുത്തി പരിക്കേൽപ്പിച്ച പ്രതി പന്തലായനി വഴി കാൽനടയായി സഞ്ചരിച്ച് കൊയിലാണ്ടി പോലിസിൽ കീഴടങ്ങുകയായിരുന്നു. ഇതുവരെ പ്രതി കൊയിലാണ്ടി സബ്ബ് ജയിലിൽ റിമാൻ്റിൽ കഴിയുകയായിരുന്നു. പ്രതിയെ വൈദ്യ പരിശോധന നടത്തിയശേഷം സ്റ്റഷനിലേക്ക് കൊണ്ടുപോകും.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി കണ്ണൂർ റേഞ്ച് ഡിഐജി പതിനാലംഗം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയുംചെയ്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ വ്യക്തി വൈരാഗ്യമാണ് കൊലപ്പെടുത്താൻ കാരണമെന്നും, ഞാൻതന്നെയാണ് കൊല നടത്തിയതെന്നും പിന്നിൽ മറ്റാരും ഇല്ലാ എന്നും മൊഴിയിൽ പറയുന്നുണ്ട്. കൊലപ്പെടുത്താൻ ഉദ്ദേശിച്ച്തന്നെയാണ് കത്തികൊണ്ട് കുത്തിയതെന്നും പിറകിൽനിന്ന് വായ പൊത്തിപ്പിടിച്ച് കഴുത്തിന് രണ്ട്ഭാഗത്തും കത്തി കുത്തി ഇറക്കിയതായും മറ്റ് ഭാഗങ്ങളിലും പരിക്കേൽപ്പിച്ചതായും റിമാൻ്റ് റിപ്പോർട്ടിൽ പറുകയുണ്ടായി.