കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായോ എന്ന് കോടതിക്ക് പരിശോധിക്കാൻ ആകില്ലെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയില്‍ പറഞ്ഞു. ഹർജി തള്ളണമെന്നും എജി ആവശ്യപ്പെട്ടു. നിയമ പ്രശ്നം സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ എജിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഓഗസ്റ്റ് 2 ന് പരിഗണിക്കാൻ മാറ്റി.
ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എംഎൽഎ ആയി തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി പി ബിജുവാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാന് എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യൻ ആക്കാൻ നിയമപരമായി സാധിക്കില്ലെന്നായിരുന്നു എ ജി കോടതിയെ അറിയിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.