സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേർ അതീവ ദരിദ്രർ ; വയനാട്ടിൽ മാത്രം ഭൂരഹിത ആദിവാസി കുടുംബങ്ങൾ 3210

news image
May 21, 2022, 6:59 am IST payyolionline.in

കോഴിക്കോട് : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെയാണ് കേരളത്തിലെ അതീവ ദരിദ്രരുടെ കണക്കും ചര്‍ച്ചയാകുന്നത്. അറുപത്തിനാലായിരം കുടുംബങ്ങളിലെ ഒരു ലക്ഷത്തിലേറെ പേര്‍ അതീവ ദരിദ്രരെന്നാണ് കണക്ക്. ഭൂമിക്കും കിടപ്പാടത്തിനുമായി കാത്തിരിക്കുന്ന കുടുംബങ്ങളും നിരവധി. വയനാട്ടില്‍ മാത്രം 3210 ആദിവാസി കുടുംബങ്ങള്‍ ഭൂരഹിതരെന്നാണ് സര്‍ക്കാര്‍ തന്നെ പുറത്ത് വിടുന്ന കണക്ക്.

 

വയനാട്ടിൽ നിന്നും ഭാര്യയുടെ കയ്യുംപിടിച്ച് പാൽചുരം ഇറങ്ങി ഈ കൊടുംകാട്ടിൽ കൂരകെട്ടി ജീവിതം കരുപ്പിടിപ്പിച്ച കാലം ഓർക്കുകയാണ് മൂപ്പൻ രാമൻ. 2004 ലാണ് ഇരിട്ടി ആറളത്തെ വനത്തിൽ ആദിവാസി വിഭാഗങ്ങൾക്ക് സർക്കാർ ഒരേക്കർ വീതം ഭൂമി നൽകിയത്. പിന്നീട് പലസമയത്തായി കണ്ണൂർ വയനാട് ജില്ലകളിലെ 3375 കുടുംബങ്ങൾക്ക് പട്ടയം കിട്ടി. വമ്പൻ വാഗ്ദാനങ്ങളായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ റോഡോ കുടിവെള്ളമോ ഇല്ലാത്തതും കാട്ടാനയുടെ ആക്രമണവും കൂടിവന്നപ്പോൾ ആയിരത്തിലേറെ കുടുംബങ്ങൾ മടങ്ങിപ്പോയി. വയനാട്ടിൽ നിന്ന് വന്നവർക്ക് 10 സെന്റ് ഒരിടത്ത് വീടുവയ്ക്കാനും 90 സെന്റ് മറ്റൊരിടത്ത് കൃഷിക്കുമാണ് നൽകിയത്. ആനകൂട്ടത്തോടെ ഇറങ്ങുന്ന ഈ സ്ഥലങ്ങൾ കൃഷിചെയ്യനാനാകാതെ കാടുപിടിച്ച് കിടക്കുകയാണ്. അൻപത്തിയഞ്ചുകാരി ലീലയ്ക്ക് ഇതൊക്കെ സഹിച്ച് മടുത്തു.

സർക്കാരിന്റെ എല്ലാ ശ്രദ്ധയും ഫാമിലെ കൃഷിയിൽ കേന്ദ്രീകരിക്കുമ്പോൾ ആദിവാസി പുനരധിവാസം 18 കൊല്ലം ഇപ്പുറവും ഇഴഞ്ഞ് നീങ്ങുകയാണ്. മുന്നൂറോളം കുടുംബങ്ങൾ പട്ടയം ഇല്ലാതെ ആറളത്ത് കൂരകെട്ടി ജിവിക്കുന്നുണ്ട്. മറുഭാഗത്ത് ഇതേ ഫാമിൽ തന്നെ താമസിക്കാനാളില്ലാതെ ചിതലരിച്ച് നശിക്കുന്നത് നിർമ്മിതിയുടെ ഇരുന്നൂറിലേറെ വീടുകൾ. ആറളം ഫാമില്‍ നിന്ന് പങ്കുവച്ച ഈ വിവരം ഒറ്റപ്പെട്ടതല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം ആദിവാസികള്‍, ദലിതര്‍, തീരദേശവാസികള്‍ തുടങ്ങി ദുര്‍ബല വിഭാഗങ്ങളുടെ ജീവിതം എവിടെ നില്‍ക്കുന്നു എന്നതിന്‍റെ തെളിവാണിത്. ഒരുപാട് പദ്ധതികള്‍ പ്രഖ്യാപിക്കുന്പോഴും ഭൂമി, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.

 

പിണറായി വിജയന്‍റെ നേതൃത്വത്തിലുളള ഇടതുമുന്നണി ഭരണത്തില്‍ കഴിഞ്ഞ ആറ് വര്‍ങ്ങള്‍ക്കിടെ നടപ്പാക്കിയ വികസന നേട്ടങ്ങളുടെ കണക്കുകള്‍ അവതരിപ്പിക്കുന്നതിനിടെയാണ് സംസ്ഥാനത്തെ അതീവ ദരിദ്രരുടെ കണക്കും പുറത്ത് വരുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വിവരശേഖരണം അനുസരിച്ച് കേരളത്തില്‍ 64006 കുടുംബങ്ങള്‍ അതീവ ദരിദ്രാവസ്ഥയിലാണ്. ഇതില്‍ 3021 കുടുംബങ്ങള്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരാണ്. പട്ടിക ജാതി കുടുംബങ്ങളുടെ എണ്ണം 12763. തീരദേശ മേഖലയില്‍ 2737 കുടംബങ്ങളും അതിദരിദ്ര പട്ടികയിലുണ്ട്. അതിദാരിദ്ര്യത്തില്‍ കഴിയുന്ന മഹാഭൂരിപക്ഷവും ഭൂമിയോ വീടോ ഇല്ലാത്തവരും.

 

ആദിവാസികളടക്കമുളള ഭൂരഹിതര്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിക്കുകയും പലയിടത്തും ഭൂമി നല്‍കുകയും ചെയ്യുന്പോഴും ഈ പ്രശ്നം എന്തുകൊണ്ട് പരിഹാരമില്ലാതെ തുടരുന്നു ? ആറളത്തെ അനുഭവം തന്നെ തെളിവ്. പലയിടത്തും വിതരണം ചെയ്യാനുളള ഭൂമി ലഭ്യമല്ല. വിതരണം ചെയ്യുന്നതാകട്ടെ വാസയോഗ്യമല്ലാത്തതോ വന്യമൃഗശല്യം നിറഞ്ഞതോ ആയ ഭൂമി. ആദിവാസികളുടെ ഭവന നിര്‍മാണ പദ്ധതികളിലുമുണ്ട് ഇതേ താളപ്പിഴ.

 

അതേസമയം, തീരങ്ങളില്‍ കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്ക് വീട് വച്ച് നൽകാനുള്ള പുനർഗേഹം പദ്ധതിയില്‍ കാര്യമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിനായി. ഇതുവരെ 1109 ഗുണഭോക്താക്കൾക്ക് സ്വന്തമായി ഭൂമി കണ്ടെത്തി വീട് വെച്ച് കൊടുത്തു. 1126 വീടുകൾ നിർമാണം പുരോഗമിക്കുകയുമാണ്.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe