തിരുവനന്തപുരം: കാഞ്ഞിരംപാറ ഗീത ഹോസ്പിറ്റലിന് സമീപം വീടിന് തീപിടിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവിൽ കാഞ്ഞിരംപാറ വാർഡിൽ ഗീത ഹോസ്പിറ്റലിന് സമീപത്തെ ദീപുവിന്‍റെ ഉടമസ്ഥതയിലുള്ള വീടിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി ഏഴരയോട് കൂടിയാണ് സംഭവം. സംഭവം അറിഞ്ഞ് തിരുവനന്തപുരം അഗ്നിശമന നിലയത്തിൽ നിന്നും അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ റ്റി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണച്ചു.
തിരുവനന്തപുരം അഗ്നിശമന നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വീടിനകത്ത് ഉണ്ടായിരുന്ന കട്ടിൽ, മേശ, സെറ്റി, ഫാൻ, ഫ്രിഡ്ജ്, വസ്ത്രങ്ങൾ ഉൾപ്പടെ പൂർണ്ണമായും കത്തി നശിച്ചു. അഗ്നിശമന സേന സംഭവ സ്ഥലത്ത് കൃത്യസമയത്ത് എത്തിയത് കൊണ്ട് സ്വർണ്ണാഭരണങ്ങളും പ്രമാണങ്ങളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കത്തി നശിക്കാതെ വീണ്ടെടുക്കാൻ സാധിച്ചു.
കൂടാതെ വീടിനകത്ത് രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നു. അതും കൃത്യമായി അഗ്നിശമന സേന വീട്ടിന് പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടുത്ത കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാവാം അഗ്നിബാധയ്ക്ക് കാരണമെന്ന് അഗ്നിശമന സേന പറയുന്നു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സേനാംഗങ്ങളായ ജി.എസ് നോബിൾ, ജി സുമേഷ്, ശ്രീരാജ് ആർ നായർ, ബൈജു ബി, അൻഷാദ്, അനീഷ് പി, മഹേഷ് കുമാർ അരുൺ ആർ.എൽ, ബിജിൻ ഐ.ജെ, ഷഫീഖ് ഇ, അനീഷ് കെ, ഹോം ഗാർഡ് ശ്യാമളകുമാർ എന്നിവരടങ്ങിയ സംഘമാണ് തീ കെടുത്താന്‍ നേതൃത്വം നല്‍കിയത്.