ഷാരൂഖ് ഖാൻ ചിത്രം പത്താനെതിരെ മുംബൈ പൊലീസ് കേസെടുത്തു

news image
Dec 17, 2022, 1:57 pm GMT+0000 payyolionline.in

ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന വേഷത്തിലെത്തുന്ന പത്താൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. ചിത്രത്തിൽ ദീപിക പദുകോൺ ധരിച്ച വസ്ത്രത്തിനെതിരാണെന്ന പരാതിയിലാണ് കേസെടുത്തത്. സഞ്ജയ് തിവാരിയാണ് പരാതി നൽകിയത്.

അതേസമയം, അഭിഭാഷകനായ സുധീർ ഓജ എന്നയാൾ സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബിഹാർ മുസഫർ നഗർ കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. കേസ് ജനുവരി മൂന്നിന് പരിഗണിക്കും.

അടുത്ത വർഷം ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കുന്ന പത്താൻ ഷാരൂഖ് ഖാൻ നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രമാണ്. ‘വാർ’ എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദാണ് പത്താൻ സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ എബ്രഹമാണ് ചിത്രത്തിൽ പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത്. യഷ് രാജ് ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ റോ ഏജൻറായ പത്താൻ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. അശുതോഷ് റാണ, ഗൗതം റോഡ്, ഡിംപിൾ കപാഡിയ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. സൽമാൻ ഖാനും ഋതിക് റോഷനും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനമാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ഷാരൂഖും ദീപിക പദുക്കോണും പ്രത്യക്ഷപ്പെട്ട ഗാനരംഗത്തിൽ നായിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം

പിന്നാലെ പ്രതികൂലവും അനുകൂലവുമായ പ്രതികരണങ്ങളുമായി നിരവധി പ്രമുഖർ രംഗത്തുവരികയും ചെയ്തു. മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനത്തിലെ മന്ത്രിമാർ വരെ പരസ്യമായി ചിത്രത്തിലെ ഗാനരംഗത്തിനെതിരെ പ്രതികരിച്ചിരുന്നു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തൽ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കിൽ ഈ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയിൽ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത് -മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.

അതേസമയം, നടൻ പ്രകാശ് രാജ് അടക്കമുള്ള പലരും ചിത്രത്തിനും ഷാരൂഖ് ഖാനും പിന്തുണയുമായി എത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe